ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേപ്പാളിൽ പാർട്ടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രാഹുൽ ഗാന്ധി പങ്കെടുത്തത് നിശാപാർട്ടിയിൽ അല്ലെന്നും വിവാഹ പാർട്ടിയിലാണെന്നും കോൺഗ്രസ് അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിരുന്നു. നേപ്പാളിലെ നൈറ്റ് ക്ലബിൽ രാഹുൽ ഗാന്ധി പങ്കെടുത്തതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ബിജെപി നേതാക്കൾ വീഡിയോ ആയുധമാക്കുകയും ചെയ്തു. എന്നാൽ, ഇപ്പോൾ വിവാദങ്ങൾ പുതിയ തലത്തിലേക്കുയരുകയാണ്.
സുംനിമ ഉദാസിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് രാഹുൽ നേപ്പാളിലെത്തിയതെന്നാണ് കോൺഗ്രസുകാർ ഉൾപ്പെടെ പുറത്തുവിട്ട റിപ്പോർട്ട്. എന്നാൽ, ഇന്ത്യാ വിരുദ്ധതയ്ക്ക് പേരുകേട്ട വ്യക്തിയാണ് സുംനിമ. മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് സിഎൻഎന്നിൽ ‘അന്താരാഷ്ട്ര കറസ്പോണ്ടന്റ്’ ആയി പ്രവർത്തിച്ചിട്ടുള്ള ഇവർ, കൊറോണ പകർച്ചവ്യാധിയുടെ സമയത്തും വാക്സിൻ സംബന്ധിച്ചും ഇന്ത്യൻ സർക്കാരിനെതിരെ അന്താരാഷ്ട്രതലത്തിൽ വരെ പല വിമർശങ്ങളും ഉന്നയിച്ചിരുന്നു. രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇവർ ശത്രുരാജ്യത്തിന്റെ പക്ഷത്തായിരുന്നു എപ്പോഴും.
വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധിക്ക് ക്ഷണം അയച്ചതായി സുംനിമയുടെ പിതാവ് ഭീം ഉദാസ് സ്ഥിരീകരിച്ചിട്ടുണ്ട്. മ്യാൻമറിലെ നേപ്പാൾ അംബാസഡറായിരുന്നു ഭീം ഉദാസ്. സുംനിമയെ സംബന്ധിച്ചിടത്തോളം, ഇന്ത്യാ വിരുദ്ധ അജണ്ടയുടെ പേരിലാണ് അവർ പലപ്പോഴും വാർത്തകളിൽ ഇടം നേടുന്നത്. ഭൂപടത്തെച്ചൊല്ലി ഇന്ത്യയും നേപ്പാളും തമ്മിൽ സംഘർഷം നിലനിൽക്കുമ്പോഴും, അവർ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയിരുന്നു.
2020 മെയ് മാസത്തിൽ നേപ്പാൾ ഒരു പുതിയ ഭൂപടം പുറത്തിറക്കുകയും ഇന്ത്യയുടെ ഭാഗങ്ങൾ തങ്ങളുടേതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നാലെ ഇത്, പതിറ്റാണ്ടുകൾക്ക് മുമ്പ് ചെയ്യേണ്ടതായിരുന്നു എന്ന് പറഞ്ഞ് സുംനിമ രംഗത്തെത്തി. ശരിയായ സമയത്ത് മതിയായ അളവിൽ വാക്സിൻ വാങ്ങുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയപ്പെട്ടെന്നും പല രാജ്യങ്ങളിലും വാക്സിൻ ക്ഷാമത്തിന്റെ മൂല പ്രശ്നമാണിതെന്നും അവകാശപ്പെടുന്ന ലേഖനവും സുംനിമ ചെയ്തിരുന്നു.
ജനങ്ങളെ മഹാമാരിയിൽ നിന്ന് കരകയറ്റുന്നതിൽ ഇന്ത്യൻ സർക്കാർ പരാജയപ്പെട്ടുവെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘അപകടകാരി’ എന്ന് വിളിച്ച ഇടതുപക്ഷ എഴുത്തുകാരി അരുന്ധതി റോയിയുടെ ഒരു ലേഖനവും അവർ പങ്കിട്ടു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഗൗതം ബുദ്ധനെ ഇന്ത്യയിലെ മഹാനായ വ്യക്തികളിൽ ഒരാളായി കണക്കാക്കിയപ്പോൾ സുംനിമ ഉദാസ് അതിനെ എതിർത്തു. ജാമിയ മില്യയയിലെ പ്രശ്നങ്ങൾ നടന്നപ്പോൾ അക്രമികളെയും അവർ പിന്തുണച്ചിരുന്നു.
രാഹുൽ ഗാന്ധി തിങ്കളാഴ്ച വൈകുന്നേരം 4:40 ന് വിസ്താര എയർലൈൻസ് വിമാനത്തിലാണ് നേപ്പാളിലെത്തിയത് . വിമാനത്താവളത്തിൽ ഇറങ്ങിയ രാഹുലിനൊപ്പം മറ്റ് മൂന്ന് പേർ ഉണ്ടായിരുന്നു. കാഠ്മണ്ഡുവിലെ നക്സലിൽ സ്ഥിതി ചെയ്യുന്ന മാരിയറ്റ് ഹോട്ടലിലാണ് രാഹുൽ ഗാന്ധിയും സുഹൃത്തുക്കളും താമസിച്ചിരുന്നത്. അതേസമയം, നേപ്പാളിലെ ചൈനീസ് അംബാസഡർ ഹൗ യാങ്കി ആണോ രാഹുലിനൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത് എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ തിരയുന്നത്. ഹണി ട്രാപ്പിലൂടെ ചൈനയുടെ രാജ്യതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നുവെന്ന് ആരോപിക്കപ്പെട്ടയാളാണ് ഹൗ യാങ്കി.
ഇന്ത്യക്കെതിരെ ഒരുമിച്ച് കരുക്കൾ നീക്കാൻ ചൈനയും പാകിസ്ഥാനും ശ്രമിച്ചത് നേപ്പാളിലെ ചൈനീസ് അംബാസിഡർ ഹൗ യാങ്കി വഴിയായിരുന്നു. നേപ്പാൾ അംബാസിഡർ ആയി നിയമിക്കുന്നതിന് മുൻപായി പാകിസ്ഥാനിലെ ചൈനീസ് അംബാസിഡർ ആയിരുന്നു ഹൗ യാങ്കി. ഇന്ത്യയുമായി പ്രശനങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഹൗ യാങ്കിയെ നേപ്പാളിലെ അംബാസിഡറായി നിയമിച്ചത് ഇന്ത്യക്കെതിരായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ഇവരുമൊത്താണോ രാഹുൽ ഗാന്ധി പാർട്ടിയിൽ പങ്കെടുത്തതെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആരായുന്നത്. അങ്ങനെയെങ്കിൽ, വരും ദിവസങ്ങളിൽ വലിയ കോളിളക്കങ്ങൾ ഉണ്ടാക്കുന്ന വാർത്തകളാവും വരിക.
Post Your Comments