KeralaLatest NewsNews

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറ്റം: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

തൃശൂർ: തൃശ്ശൂർ പൂരത്തിന് നാളെ കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും നാളെ കൊടിയേറ്റം നടക്കും. മെയ് 10നാണ്  പൂരം.

പൂരത്തിൻറെ പ്രധാന പങ്കാളികളിലൊരാളായ പാറമേക്കാവിലാണ്  ആദ്യം കൊടിയേറുക. രാവിലെ 9നും 10.30 നും ഇടയിലുളള മുഹൂർത്തത്തിലാണ് കൊടിയേറ്റം. പാണികൊട്ടിനെ തുടര്‍ന്ന് പാരമ്പര്യ അവകാശികള്‍ ഭൂമി പൂജ നടത്തി കൊടിമരം നാട്ടും. പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തിലുയര്‍ത്തും.ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ നാട്ടും.

തിരുവമ്പാടി ക്ഷേത്രത്തില്‍  10.30 നും 10.55 നും ഇടയിലാണ് കൊടിയേറ്റം.

പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി, ദേശക്കാര്‍ ഉപചാരപൂര്‍വം കൊടിമരം നാട്ടി കൂറയുയര്‍ത്തും. നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടിയുയര്‍ത്തും.

പൂരത്തില്‍ പങ്കെടുക്കുന്ന ഘടകക്ഷേത്രങ്ങളിലും ഇതോടൊപ്പം കൊടിയേറും.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി പൂരം പൂര്‍ണ്ണമായി നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ഇത്തവണ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പൂരം നടത്താനാണ് തീരുമാനം. തൃശൂര്‍ പൂരം വെടിക്കെട്ടിനും അനുമതി നല്‍കിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സിയായ ‘പെസോ ‘ ആണ് അനുമതി നല്‍കിയത്. മെയ് എട്ടിന് സാംപിള്‍ വെടിക്കെട്ടും മേയ് പതിനൊന്നിന് പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button