ന്യൂഡൽഹി: രാജ്യത്ത് വൈദ്യുതി ക്ഷാമം രൂക്ഷമാകുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതില്‍ ബി.ജെ.പി സർക്കാർ പരാജയപ്പെട്ടുവെന്നും ഈ പരാജയത്തിന് നെഹ്‌റുവിനെയാണോ അതോ ജനങ്ങളെയാണോ മോദി കുറ്റം പറയുകയെന്നും രാഹുല്‍ ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
‘മോദിയുടെ വാഗ്ദാനങ്ങളും ലക്ഷ്യങ്ങളും ലംഘിക്കപ്പെട്ടിരിക്കുന്നു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതില്‍ താങ്കള്‍ പരാജയപ്പെട്ടതിന് ആരെയാണ് കുറ്റം പറയുക. നെഹ്‌റുവിനെയാണോ അതോ സംസ്ഥാനങ്ങളെയാണോ, അതുമല്ലെങ്കില്‍ ജനങ്ങളെയാണോ?’, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ട്വീറ്റിനൊപ്പം രാജ്യത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്ന മോദിയുടെ മുന്‍കാല പ്രസംഗങ്ങളും ഒപ്പം, നിലവിൽ വൈദ്യുതി സംബന്ധിച്ചുള്ള ചില വാർത്തകളും രാഹുൽ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ഇത്രയും പ്രതിസന്ധി ഇത് ആദ്യമാണ്. റോയിറ്റേഴ്സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഏപ്രില്‍ മാസം 27 വരെ 1.6% കുറവാണ് വൈദ്യുതി വിതരണത്തിലുണ്ടായത്. രാജ്യത്തെ രൂക്ഷമായ വൈദ്യുതി ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവും രംഗത്തുവന്നിരുന്നു. പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കി കല്‍ക്കരിക്കടത്ത് വേഗത്തിലാക്കുന്നതാണ് ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയ വഴിയെന്ന് അദ്ദേഹം പരിഹസിച്ചു.
Also Read:പാതിരി വനത്തിൽ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി
അതേസമയം, കൽക്കരി ക്ഷാമം മൂലം രാജ്യത്തുണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ ശക്തമായി ഇടപെട്ടു. രാജ്യത്ത് സ്റ്റോക്ക് ഉള്ള കൽക്കരി ഉടൻ താപനിലയങ്ങളിൽ എത്തിക്കുമെന്ന് കൽക്കരി മന്ത്രാലയം അറിയിച്ചിരുന്നു. 2021 ഏപ്രിലിനെ അപേക്ഷിച്ച്, 27.2 ശതമാനം അധികം കൽക്കരി ഇത്തവണ കോൾ ഇന്ത്യ ലിമിറ്റഡ് ഉത്പാദിപ്പിച്ചുവെന്നും നിലവിൽ പ്രതിസന്ധി ഇല്ലെന്നും കൽക്കരി മന്ത്രാലയം വ്യക്തമാക്കി. യുദ്ധകാലാടിസ്ഥാനത്തിൽ കൽക്കരി എത്തിക്കാനായി മെയിൽ, എക്‌സ്പ്രസ്സ്, പാസഞ്ചർ ട്രെയിനുകളടക്കം 657 ട്രെയിനുകൾ കേന്ദ്രം റദ്ദാക്കിയിരുന്നു. കൂടുതൽ റാക്കുകൾ സജ്ജജമാക്കി കൽക്കരി ട്രെയിനുകൾ ഓടിക്കാനാണ് ഈ നടപടി.
Post Your Comments