ThiruvananthapuramLatest NewsKeralaNattuvarthaNews

ഹിന്ദു മഹാസമ്മേളനം എന്ന പേരില്‍ ഹൈന്ദവ വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്, പി.സി സംഘപരിവാറിന്റെ ഒരു ഉപകരണം: വിഡി സതീശൻ

തിരുവനന്തപുരം: ഹിന്ദു മഹാസമ്മേളനം എന്ന പേരില്‍ ഹൈന്ദവ വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പി.സി സംഘപരിവാറിന്റെ ഒരു ഉപകരണം മാത്രമാണെന്നും, വിദ്വേഷ പ്രസംഗത്തിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Also Read:പിസി ജോർജ്ജിന് അഭിവാദ്യം : വാഹനം തടഞ്ഞ് പിന്തുണയറിയിച്ച് ബിജെപി

‘പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ യൂത്ത് കോണ്‍ഗ്രസും യൂത്ത്‌ ലീഗും പരാതി നല്‍കിയിരുന്നു. പ്രസംഗം നടത്തി 24 മണിക്കൂറിന് ശേഷമാണ് എഫ്.ഐ.ആര്‍ ഇടാന്‍ പോലും പൊലീസ് തയ്യാറായത്. കസ്റ്റഡിയില്‍ എടുത്തശേഷം സ്വന്തം വാഹനത്തില്‍ ആഘോഷപൂർവ്വമാണ് തിരുവനന്തപുരത്ത് എത്തിച്ചത്. വഴിയരികില്‍ കാത്തുനില്‍ക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാനും പൊലീസ് സൗകര്യം ചെയ്തു കൊടുത്തു. ഇത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്’, പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘വെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ത്തമാനം പറഞ്ഞ്, വിദ്വേഷത്തിന്റെ കാമ്പയിന്‍ നടത്തുകയാണ്. പി.സി ജോര്‍ജ് ഒരു ഉപകരണം മാത്രമാണ്. ജോര്‍ജിന്റെ പിന്നില്‍ സംഘപരിവാര്‍ നേതാക്കളുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ഇടങ്ങളില്‍ സ്ഥാനം നഷ്ടപ്പെട്ട സംഘപരിവാര്‍ ശക്തികള്‍ ഇടം ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ന്യൂനപക്ഷ വര്‍ഗീയ ശക്തികളും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. രണ്ട് കൂട്ടരും പരസ്പരം സഹായിക്കുന്നു. മുഖ്യമന്ത്രിയും സി.പി.എമ്മും സ്വീകരിച്ച വര്‍ഗീയപ്രീണന നയത്തിന്റെ ഭവിഷ്യത്താണിത്. വോട്ട് ബാങ്ക് രാഷ്ട്രത്തിന് വേണ്ടി വര്‍ഗീയ ശക്തികളുടെ തോളില്‍ കൈയിടാതെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ നിലപാടെടുക്കാന്‍ തയാറാകണം’, വി ഡി വ്യക്തമാക്കി.

‘ഹിന്ദു മഹാസമ്മേളനം എന്ന പേരില്‍ ഹൈന്ദവ വിശ്വാസത്തിന്ന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. ലോകം മുഴുവന്‍ തറവാടായി കാണുന്നതാണ് ഹിന്ദു മത വിശ്വാസം. സാധാരണക്കാര്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ മതില്‍ക്കെട്ടുകള്‍ തീര്‍ക്കാനുള്ള ശ്രമത്തെ യു.ഡി.എഫ് ചെറുത്തു തോല്‍പ്പിക്കും. വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്നതല്ല അഭിപ്രായ സ്വാതന്ത്യം. ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്യത്തിന് പരിമിതികളുണ്ട്. പി.സി. ജോര്‍ജിന്റെ വാക്കുകളെ ന്യായികരിക്കുന്നവരാണ് വിദ്വേഷ കാമ്പയിന്റെ പിറകില്‍ ചരട് വലിക്കുന്നത്. പി.സി. ജോര്‍ജിനെ കൊണ്ട് ഈ വര്‍ത്തമാനം പറയിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെയും കേസെടുക്കണം’, വി.ഡി. സതീശന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button