PalakkadLatest NewsKeralaNattuvarthaNewsWomenLife Style

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഗൾഫുകാരന്റെ ഭാര്യ, മൂന്ന് കുട്ടികൾ ജനിച്ചപ്പോൾ വേർപിരിയൽ: ജംഷീനയുടെ നൊമ്പരകഥ

പതിമൂന്നാമത്തെ വയസിൽ വിവാഹം കഴിച്ച് ഇഷ്ടമില്ലാത്ത ജീവിതം തിരഞ്ഞെടുക്കേണ്ടി വന്ന്, വർഷങ്ങൾക്കിപ്പുറം ജീവിതം സ്വന്തം കൈപ്പടിയിൽ എഴുതുന്ന പാലക്കാട് എടത്തനാട്ടുകര സ്വദേശി ജംഷീന പി.യുടെ കഥ വൈറലാകുന്നു. ശ്രീകണ്ഠൻ നായരുടെ ഷോ ആയ ഫ്ലവേഴ്സ് ഒരുകോടിയിൽ പങ്കെടുക്കാനെത്തിയ ജംഷീനയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. പക്വതയില്ലാത്ത പ്രായത്തിൽ ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിക്കേണ്ടി വന്ന പെൺകുട്ടിയാണ് ജംഷീന. മൂന്ന് മക്കളാണ് ജംഷീനയ്‌ക്കുള്ളത്. പരിപാടിയിൽ ജംഷീന സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

‘എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കല്യാണം. എനിക്ക് ഇഷ്ടമായിരുന്നില്ല. ബാലവിവാഹം നിയമവിരുദ്ധമാണെങ്കിലും ഇപ്പോഴും നടക്കുന്നുണ്ടെന്നതാണ് സത്യം. വലിയ തറവാട്ടിലെ മൂത്ത പേരക്കുട്ടിയായി വളരെ കൊഞ്ചിച്ച് ആഗ്രഹങ്ങളൊക്കെ സാധിച്ച് തന്നാണ് വളർത്തിയത്. എന്നെ പഠിപ്പിച്ച് ജോലി നേടിത്തരണം എന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹവും. അങ്ങനെയിരിക്കെ മൂത്തുപ്പായ്ക്ക് വയ്യാതെ വന്നതോടെ കാര്യങ്ങൾ മാറി. കൊച്ചുമകളെ കല്യാണം കഴിപ്പിക്കണമെന്നായി. ആലോചനകളൊക്കെ വന്നുതുടങ്ങി. ഞാൻ എതിർത്തു. പക്ഷേ, ഒരുപാട് നാൾ പറ്റിയില്ല. തീരുമാനങ്ങളെടുത്തിരുന്നത് വല്യുപ്പയായിരുന്നു. അദ്ദേഹത്തിൻ്റെ ആഗ്രഹമായിരുന്നു എൻ്റെ വിവാഹം. എൻ്റെ കല്യാണത്തിന് രണ്ട് മാസങ്ങൾക്ക് ശേഷം അദ്ദേഹം മരണപ്പെടുകയായിരുന്നു. അദ്ദേഹത്തിന് മരണഭയമുണ്ടായിരുന്നു. അതുകൊണ്ടാണ് എന്നെ വിവാഹം ചെയ്യിച്ചത്.

Also Read:റഷ്യൻ അധിനിവേശ ഭീതി : ദ്വീപുകളിൽ സൈനികവിന്യാസം ശക്തിപ്പെടുത്തി സ്വീഡൻ

അദ്ദേഹം ഗൾഫിലായിരുന്നു. എനിക്ക് 13 ഉം അദ്ദേഹത്തിന് 28 ഉം ആയിരുന്നു അന്ന് പ്രായം. വിവാഹവുമായി ബന്ധപ്പെട്ട് ഒരു സങ്കൽപ്പവും ഉണ്ടായിരുന്നില്ല. കല്യാണത്തിന് ശേഷവും ഞാൻ പഠിച്ചു. അവർ പഠിപ്പിച്ചു. ചെറിയ പ്രായത്തിൽ പെൺകുട്ടികളെ കല്യാണം കഴിപ്പിക്കരുത്. അവർക്കും സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെയുണ്ട്. ഭർത്താവിന്റെ മുഖം ആദ്യം കണ്ടത് കല്യാണത്തിന്റെ അന്നാണ്. 15 വയസ് വ്യത്യാസമുണ്ടായിരുന്നു. അവരെന്ത് പറയുന്നതും അനുസരിക്കുക എന്ന രീതിയിലേക്ക് കാര്യങ്ങൾ പോയി. ഭർത്താവ് സ്നേഹമുള്ള ആളായിരുന്നു. സ്നേഹത്തിനൊന്നും കുറവില്ല, നമുക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് ആയിരുന്നു. എന്നെ കുട്ടിയായിട്ട് തന്നെയാണ് അവരും കണ്ടിരുന്നത്. പക്ഷേ, പതുക്കെ എല്ലാം മാറി. കുറെ കഴിഞ്ഞാണ് ഭർത്താവിനെ ഉൾക്കൊള്ളാൻ കഴിഞ്ഞത്. എന്റെ ഇഷ്ടത്തിനനുസരിച്ച് അല്ല അവർ പഠിപ്പിച്ചത്. വീടിനടുത്ത് ഉള്ള സ്‌കൂളിലും കോളജിലും പോയാൽ മതിയെന്നായി.

സ്നേഹമുള്ള ഭർത്താവ് ആയിരുന്നു. പക്ഷേ, എനിക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് ആയിരുന്നു. രണ്ടാളുടെയും ചിന്താഗതികൾ വ്യത്യാസമുള്ളതായിരുന്നു. വസ്ത്രധാരണത്തിലൊക്കെ നിയന്ത്രണമുണ്ടായിരുന്നു. തട്ടമിടാതെയും ഞാൻ സ്‌കൂളിൽ ഒക്കെ പോകാറുണ്ട്. ഭർത്താവിന് അതൊന്നും ഇഷ്ടമായിരുന്നില്ല. എന്റെ താൽപ്പര്യത്തിന് അനുസരിച്ച് വസ്ത്രം ധരിക്കുമെന്ന് ഞാൻ പറഞ്ഞ് തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായത്. ഞങ്ങൾ ഇപ്പോൾ വേർപിരിഞ്ഞാണ് കഴിയുന്നത്. പക്ഷേ, ഒരുവീട്ടിലാണ് താമസം. ഞങ്ങൾ ഒരുമിച്ച് വെച്ച വീടാണത്. തമ്മിൽ ബന്ധങ്ങൾ ഒന്നുമില്ല. ഞാൻ മനസ് കൊണ്ട് അദ്ദേഹത്തെ ഉപേക്ഷിച്ചു. എനിക്ക് ഒരിക്കലും അദ്ദേഹത്തെ ഉൾക്കൊള്ളാൻ കഴിയില്ല. എനിക്ക് സൗഹൃദങ്ങളൊക്കെ ഉണ്ടായിരുന്നു. അതൊന്നും അവർക്കിഷ്ടമല്ല. കുട്ടികൾ ഉണ്ടായ ശേഷവും വലിയ വ്യത്യാസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല’, ജംഷീന പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button