കോഴിക്കോട്: ഗുജറാത്ത് മോഡല്‍ ഭരണനിര്‍വ്വഹണം പഠിക്കാന്‍ ചീഫ് സെക്രട്ടറിയെ അയക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ, രൂക്ഷമായ വിമർശനവുമായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെഎ ഷഫീഖ് രംഗത്ത്.
ഗുജറാത്ത് മുസ്ലീം വംശഹത്യയുടെ തലസ്ഥാനമാണെന്നും അവിടെ നിന്നും നവോത്ഥാന കേരളത്തിന് എന്ത് പകർന്നെടുക്കാനാണെന്നും കെഎ ഷഫീഖ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. സർക്കാർ പ്രതിനിധികളെ ഭരണനിര്‍വ്വഹണം പഠിക്കാന്‍ ഗുജറാത്തിലേക്ക് അയച്ചിരിക്കുന്നത് ഒരു മാറ്റവും സൂചനയുമാണെന്നും ഷഫീഖ് പറഞ്ഞു.
കെഎ ഷഫീഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഗുജറാത്ത് മുസ്‌ലിം വംശ ഹത്യയുടെ തലസ്ഥാനമാണ്. ഇന്ത്യയെ വിൽക്കുന്നവരുടെയും വാങ്ങുന്നവരുടെയും നാട്. സാധാരണക്കാരന്‍റെ ദൈന്യത മതിൽ കെട്ടി മറച്ച് കോർപ്പറേറ്റ് ഭരണാധികാരികൾക്ക് രാജവീഥിയൊരുക്കിയ സംസ്ഥാനം. ദലിതരെയും ആദിവാസികളെയും തെരുവിൽ നഗ്നരായി കെട്ടിയിട്ട് തല്ലിക്കൊന്ന സവർണ്ണ അഹങ്കാരത്തിന്‍റെ പ്രകട സ്ഥലം. ഭരണ നിർവ്വഹണത്തിലൂടെ അപരവൽക്കരണം എങ്ങനെ ഫലപ്രദമായി നടപ്പാക്കാം എന്ന തെളിയിച്ചവരാണ് അവിടുത്തെ ബ്യൂറോക്രസി.
ഈ ഗുജറാത്തിൽ നിന്ന് നവോത്ഥാന കേരളത്തിന് എന്ത് പകർന്നെടുക്കാനാണോ ഇടതുപക്ഷ സർക്കാർ പ്രതിനിധികളെ അയച്ചിരിക്കുന്നത് ? ഇതൊരു മാറ്റമാണ്. ഇതൊരു സൂചനയാണ്. കേരളമാണ് ഇന്ത്യക്ക് മാതൃക എന്ന പാർട്ടി കോൺഗ്രസ് പ്രഖ്യാപനത്തിന്‍റെ അലയൊലികൾ അവസാനിക്കും മുമ്പ് തന്നെ ഗുജറാത്തിനെ മാതൃകയാക്കാൻ സംഘത്തെ നിയോഗിച്ചവർക്ക് സല്യൂട്ട്.
Post Your Comments