അക്ഷയ തൃതീയ ഹൈന്ദവ വിശ്വാസത്തിൽ ഏറ്റവും ശുഭമുഹൂർത്തമായി കണക്കാക്കപ്പെടുന്നു. വൈശാഖ മാസത്തിലെ വെളുത്ത പക്ഷത്തിലെ തൃതീയ അതായത് മേടമാസത്തിലെ കറുത്ത വാവു കഴിഞ്ഞുവരുന്ന തൃതീയ ആണ് അക്ഷയ തൃതീയയായി കണക്കാക്കപ്പെടുന്നത്. അക്ഷയ എന്നാല്‍ ക്ഷയിക്കാത്തത്. തൃതീയ എന്നാല്‍, മൂന്നാമത്തേത് എന്നാണ് അര്‍ത്ഥം. അന്നത്തെ മുഴുവന്‍ സമയവും ശുഭമുഹുര്‍ത്തമാണ്. നക്ഷത്രങ്ങളെ നോക്കി ശുഭമുഹുര്‍ത്തത്തിന് കാത്തിരിക്കേണ്ട എന്നര്‍ത്ഥം. പുതിയ കാര്യങ്ങള്‍ തുടങ്ങുന്നതിന് ഇത്രയും നല്ല ശുഭ മുഹുര്‍ത്തം വെറെ ഇല്ല എന്നു പറയാം.
അക്ഷയ തൃതീയ നാളില്‍ ചെയ്യുന്ന സത്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നൊരു വിശ്വാസവും പുരാണം മുതല്‍ തന്നെയുണ്ട്. അന്നു ദാന ധര്‍മ്മാദികളില്‍ ഏര്‍പ്പെടുന്നത് പുണ്യമായി കരുതുന്നു. ഐശ്വര്യ ദേവതയുടെ കടാക്ഷം കൊണ്ട് ഈ ദിവസം വാങ്ങിയ വസ്തു ക്ഷയിക്കില്ലെന്നും അത് ദിനം പ്രതി ഏറി വരുമെന്നുമാണ് വിശ്വാസം. ജീവിതത്തില്‍ അഭിവൃദ്ധി പ്രതീക്ഷിക്കുന്നവരുടെ, കാംക്ഷിക്കുന്നവരുടെ ദിനമാണ് അക്ഷയ തൃതീയ.
അക്ഷയ തൃതീയ ദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച് ലക്ഷമിയുടെ മുന്നില്‍ 5 തിരിയിട്ട നില വിളക്ക് കത്തിക്കുന്നു. സന്ധ്യക്കും സ്‌തോത്ര ജപങ്ങളോടെ നിലവിളക്ക് തെളിയിച്ച് ലക്ഷമി സ്‌തോത്ര ജപങ്ങള്‍ ജപിക്കുക. ഈ ദിവസങ്ങളില്‍ ശത്രുക്കളെയോ വിരോധം ഉളളവരെയോ മനസ്സില്‍ ധ്യാനിച്ച് പ്രാര്‍ത്ഥിച്ചാല്‍ എല്ലാ വിരോധവും മാറി സമാധാനം ഉണ്ടാവും എന്നാണ് വിശ്വാസം. ജീവിതത്തില്‍ അഭിവൃദ്ധി പ്രതീക്ഷിക്കുന്നവര്‍ വാങ്ങുന്നതും ലഭിക്കുന്നതും അഭിവൃദ്ധിപ്പെടും എന്നാണ് ഫലത്തില്‍ കാണുന്നത്.
മനുഷ്യ ജന്‍മത്തില്‍ നമ്മള്‍ സമ്പാദിക്കുന്നതില്‍ ദാനധര്‍മ്മാധികളാല്‍ നേടുന്ന പുണ്യം മാത്രമേ അടുത്ത ജന്‍മത്തില്‍ കൊണ്ടുപോവുന്നുളളു. അന്ന് ചെയ്യുന്ന ദാനത്തിന് ഇരട്ടി ഫലം ലഭിക്കുന്നതിനാല്‍ സ്വര്‍ണ്ണം മുതലായവ വാങ്ങുന്നതിനോടൊപ്പം ദാനം ചെയ്ത് പുണ്യ സമ്പാദനം നടത്തുന്നത് നന്നായിരിക്കും. അന്ന് ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഐശ്വര്യലക്ഷ്മിമാരുടെ പുണ്യമുണ്ടാകും.
അക്ഷയ തൃതീയയെ സംബന്ധിച്ച് വിഷ്ണു ധര്‍മ്മ സൂത്രത്തിലും, മത്സ്യപുരാണത്തിലും, നാരദീയ പുരാണത്തിലും, ഭവിഷ്യോത്തരത്തിലും പ്രസ്താവിച്ചിട്ടുണ്ട്. അന്ന് ചെയ്യപ്പെടുന്ന സ്നാനം, ദാനം, ജപം, ഹോമം, സ്വാധ്യായം, പിതൃതര്‍പ്പണം എന്നീ കാര്യങ്ങള്‍ അക്ഷയ ഫലപ്രദമാണെന്ന് പറയപ്പെടുന്നു. അക്ഷയ തൃതീയ ദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വര്‍ഷത്തിലെ ഏറ്റവും ശുഭകരമായ അക്ഷയ തൃതീയ ദിനത്തിലെ 24 മണിക്കൂറും ശുഭകരമാണ്. അക്ഷയ പാത്രം പോലെയാണ് ഈ ദിവസത്തെ കണക്കാക്കുന്നത്. എന്ത് വാങ്ങിയാലും അത് ഇരട്ടിക്കും എന്നാണ് വിശ്വാസം.
കടപ്പാട്: താരാ നിത്യാനന്ദ്
Post Your Comments