തിരുവനന്തപുരം: അക്ഷയതൃതീയ ദിനത്തിൽ സംസ്ഥാനത്തെ സ്വർണ്ണ വിപണിയിൽ നടന്നത് റെക്കോർഡ് വിൽപ്പന. 2000 കോടി മുതൽ 2,250 കോടി രൂപയുടെ വരെ സ്വർണ്ണ വ്യാപാരം മെയ് 3 ന് നടന്നതായാണ് വ്യാപാരി സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷന്റെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് തിരിച്ചടി നേരിട്ട സ്വർണ്ണ വിപണിയുടെ തിരിച്ചുവരവിന് ഈ അക്ഷയതൃതീയ വലിയ ഊർജമാണ് നൽകിയത്. കോവിഡ് മൂലം കഴിഞ്ഞ 2 വർഷം അക്ഷയതൃതീയ ആഘോഷമില്ലായിരുന്നു.
സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ ഏറ്റവും ശുഭകരമായ ദിനമാണ് അക്ഷയതൃതീയ. രാജ്യത്ത് സ്വർണ്ണ വിൽപ്പനയിൽ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയതൃതീയ ദിനത്തിലാണ്. ചെറിയ ആഭരണങ്ങളും സ്വർണ്ണ നാണയങ്ങളുമാണ് അക്ഷയതൃതീയ ദിവസം ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്നത്.
Post Your Comments