കേരളത്തിൽ രാഷ്ട്രീയ വിഷയമായി കെ റെയിൽ പദ്ധതി മാറി കഴിഞ്ഞു. റെയില്‍ കടന്നുപോകുന്ന സ്ഥലത്ത് പ്രതിഷേധങ്ങൾ വകവയ്ക്കാതെ കല്ലിടൽ നടത്തുന്നതിനെതിരെ യുഡിഎഫും ബിജെപിയും രംഗത്തെത്തി. എന്നാൽ, റെയിലിന്റെ ഭാഗമായി ഇട്ട കല്ലുകള്‍ പിഴുതുമാറ്റുന്നതിന്റെ പ്രത്യാഘാതം ഉണ്ടാകുമെന്നും തല്ലാനുള്ള സാഹചര്യം ബിജെപിയും യുഡിഎഫും ഉണ്ടാക്കാതിരിക്കുകയാണ് വേണ്ടതെന്നും മുൻ ആഭ്യന്തര മന്ത്രി കൂടിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതിന് നേരെ വിമർശനവുമായി ഷിബു ബേബി ജോൺ.
സമൂഹത്തിൽ അക്രമകാരികളെ പ്രോൽസാഹിപ്പിക്കുന്ന വാക്കുകളാണ് കോടിയേരി പറഞ്ഞതെന്നും ജീവിതകാലത്തെ മുഴുവൻ സമ്പാദ്യമുപയോഗിച്ചും ബാങ്ക് വായ്പയെടുത്തും താങ്ങാനാകാത്ത പലിശയ്ക്ക് കൈവായ്പ വാങ്ങിയുമൊക്കെ സാധാരണക്കാർ കെട്ടിപ്പൊക്കുന്ന വീടെന്ന സ്വപ്നത്തിൻ്റെ പുറത്ത് മുന്നറിയിപ്പുകളില്ലാതെ കെ റെയിലിൻ്റെ കുറ്റിയടിക്കാൻ ഉദ്യോഗസ്ഥർ വരുമ്പോൾ ഒന്ന് പ്രതിഷേധിക്കാനുള്ള അവകാശം പോലും ജനങ്ങൾക്കില്ലെയെന്ന് ഷിബു ബേബി ജോൺ ചോദിക്കുന്നു. സമൂഹമാധ്യമത്തിലൂടെയാണ് ഷിബു ബേബി ജോണിന്റെ വിമർശനം.
കുറിപ്പ് പൂർണ്ണ രൂപം
സഖാവേ ഇതാണോ ഇടതുപക്ഷം? കോടിയേരി
സമൂഹത്തിൽ അക്രമകാരികളെ പ്രോൽസാഹിപ്പിക്കുന്ന വാക്കുകളാണ് മുൻ ആഭ്യന്തര മന്ത്രി കൂടിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനിൽ നിന്നും ഇന്നുണ്ടായിരിക്കുന്നത്. ജീവിതകാലത്തെ മുഴുവൻ സമ്പാദ്യമുപയോഗിച്ചും ബാങ്ക് വായ്പയെടുത്തും താങ്ങാനാകാത്ത പലിശയ്ക്ക് കൈവായ്പ വാങ്ങിയുമൊക്കെ സാധാരണക്കാർ കെട്ടിപ്പൊക്കുന്ന വീടെന്ന സ്വപ്നത്തിൻ്റെ പുറത്ത് മുന്നറിയിപ്പുകളില്ലാതെ കെ റെയിലിൻ്റെ കുറ്റിയടിക്കാൻ ഉദ്യോഗസ്ഥർ വരുമ്പോൾ ഒന്ന് പ്രതിഷേധിക്കാനുള്ള അവകാശം പോലും ജനങ്ങൾക്കില്ലെന്നാണ് സർക്കാരും പാർട്ടിയും പറയുന്നത്.
ഇന്നലെ കണ്ണൂരിൽ കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ സിപിഎമ്മുകാർ ഇറങ്ങി മർദ്ധിച്ചത് പൊതുസമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്. ഇത് തീവ്രവലതുപക്ഷ നിലപാടാണ്. ആകെസമ്പാദ്യമായ വീട് നഷ്ടപ്പെടുന്നവനെ അതിൻ്റെ വേദന മനസിലാകുകയുള്ളു. അവന് പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നത് ഒരു പുതിയ കീഴ് വഴക്കമായാണ് കേരളം കാണുന്നത്. അതേസമയം പ്രതിഷേധിക്കുന്നവർക്ക് നേരെയുള്ള സിപിഎം ഗുണ്ടായിസത്തെ സ്വാഭാവികവൽക്കരിക്കുന്ന കോടിയേരിയുടെ പരാമർശം സിപിഎമ്മിനെ ആകമാനം ബാധിച്ചിരിക്കുന്ന സ്റ്റാലിനിസത്തിൻ്റെ സ്വരമായി മാത്രമെ കാണാൻ കഴിയൂ.
ഗവൺമെൻ്റ് സംവിധാനത്തിന് പകരം പാർട്ടി കേഡർമാർ നീതി നടപ്പാക്കാനിറങ്ങിയ ലോകരാഷ്ട്രങ്ങളിലെല്ലാം കമ്യൂണിസം തകർന്നടിഞ്ഞ ചരിത്രം സിപിഎം ഓർക്കണം. നന്ദിഗ്രാമിലും സിംഗൂരിലൊന്നും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
സഖാവേ ഇതാണോ ഇടതുപക്ഷം?
ഒരു സംശയം മാത്രം ബാക്കി.
ട്രംപിൻ്റെ ആരാധകരും
മോദിയുടെ ആരാധകരും
പിണറായിയുടെ ആരാധകരും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്?
Post Your Comments