കൊച്ചി: അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിനെക്കുറിച്ച് അദ്ദേഹത്തിന് വേണ്ടപ്പെട്ട ജോളി ജോസഫ് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജനുവരിയിൽ അദ്ദേഹത്തെ ആരോഗ്യസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ കുറിച്ചായിരുന്നു ജോളി എഴുതിയത്. ജോൺപോൾ സാറിനെ നമ്മുടെ വ്യവസ്ഥിതി കൊന്നതാണെന്നായിരുന്നു ജോളിയുടെ പോസ്റ്റിൽ പറഞ്ഞിരുന്നത്. ഇപ്പോഴിതാ, ജോളിയുടെ എഴുത്തിന് പിന്നാലെ അന്ന് സംഭവിച്ച കാര്യങ്ങൾ നടൻ കൈലാഷ് വിശദമാക്കുകയാണ്.
‘ഞാൻ കൊച്ചിയിലായിരുന്നപ്പോഴാണ് ജോളി ജോസഫ് എന്നെ വിളിച്ചത്. ജോൺപോൾ സാർ വിളിച്ചെന്നായിരുന്നു ജോളി പറഞ്ഞത്. ഞാൻ ഓടി ചെല്ലുമ്പോൾ സാർ നിലത്ത് വീണ് കിടക്കുകയായിരുന്നു. സാറിന് എഴുന്നേൽക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഒരുപാട് ശ്രമങ്ങൾ നടത്തി നോക്കി. പക്ഷേ, അദ്ദേഹത്തെ എടുത്ത് ബെഡിൽ കിടത്താൻ സാധിച്ചില്ല. ആംബുലൻസിനെ വിളിച്ച് നോക്കി. ആശുപത്രിയിലേക്ക് മാറ്റുകയാണെങ്കിൽ മാത്രമാണ് ആംബുലൻസ് കിട്ടുകയുള്ളൂ എന്നാണ് പറഞ്ഞത്. ഫയർ ഫോഴ്‌സുമായി ബന്ധപ്പെട്ടെങ്കിലും ആ സൗകര്യവും ലഭിച്ചില്ല. ഇത്തരം സാങ്കേതിക ബുദ്ധിമുട്ടുകൾ അന്ന് നമുക്ക് നേരിടേണ്ടി വന്നു. രണ്ട് മണിക്കൂറുകളോളം പല ശ്രമങ്ങളും ബന്ധപ്പെട്ട ശേഷമാണ്, ഒരു ആംബുലൻസ് കിട്ടിയതും സ്‌ട്രെച്ചർ ഉപയോഗിച്ച് അദ്ദേഹത്തെ ബെഡിൽ എടുത്ത് കിടത്താൻ സാധിച്ചു’, കൈലാഷ് പറയുന്നു.
Also Read:കോവിഡ്: സാഹചര്യം വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം
ഒരു സ്‌ട്രെച്ചർ ഇല്ലാതെ സാറിനെ ഉയർത്തുക, അപകടമുള്ള കാര്യമായതിനാൽ ആണ് പോലീസ് ഓഫീസർമാരെയും ആംബുലൻസുകാരെയും ഫയർ ഫോഴ്‌സിനെയും വിളിച്ച് നോക്കിയതെന്ന് ജോളി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. ‘അന്നത്തെ ആഘാതം സാറിൽ ഉണ്ടാക്കിയ പ്രശ്നങ്ങൾ ചെറുതല്ല. അവിടെ നിന്നും തുടങ്ങിയ ഓരോരോ പ്രശ്നങ്ങൾ, ഉറക്കമില്ലാത്ത രാത്രികൾ, മൂന്നു ആശുപത്രികൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ. ആദരണീയനായ സാനു മാഷിന്റെ സ്വന്തം കൈപ്പടയിലെ എഴുത്തുമായി ഞാനും കൈലാഷും തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി അത്യാവശ്യം സഹായങ്ങൾ ലഭിച്ചെങ്കിലും എല്ലാം വിഫലം, അദ്ദേഹം വിട്ടുപിരിഞ്ഞു പോയി’, ജോളി ഫേസ്ബുക്കിലെഴുതി.
Post Your Comments