കൊച്ചി: തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺപോൾ അന്തരിച്ചു. 72 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. രണ്ട് മാസത്തിലധികമായി അദ്ദേഹം ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിലായിരിന്നു. നൂറിലധികം ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥയെഴുതി. ജോൺപോൾ പുതുശ്ശേരി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.
പാലാരിവട്ടം ആലിന്‍ ചുവടിലെ വീട്ടില്‍ ഭാര്യ ഐഷ എലിസബത്തിനൊപ്പമായിരുന്നു താമസം. മകള്‍: ജിഷ. മരുമകന്‍: ജിബി എബ്രഹാം.
1980 കളുടെ ആരംഭത്തിൽ മലയാളത്തിലെ പ്രശസ്തനായ നിരവധി സംവിധായകർക്കൊപ്പം ചേർന്ന് മനോഹരമായ നിരവധി ചിത്രങ്ങളാണ് ഒരുക്കിയത്. 1980ല്‍ പുറത്തിറങ്ങിയ ഭരതന്റെ ചാമരം ആണ് ആദ്യം തിരക്കഥയെഴുതിയ സിനിമ. വിടപറയും മുമ്പെ, തേനും വയമ്പും, ഇത്തിരിപൂവേ ചുവന്ന പൂവേ, അതിരാത്രം, കാതോടു കാതോരം, യാത്ര, ഉണ്ണികളേ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവ പിറ്റേന്ന്, ചമയം തുടങ്ങിയ സിനിമകള്‍ അദ്ദേഹമെഴുതി.
മലയാള സിനിമയിലെ പല തലമുറ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവമുള്ളയാളാണ് തിരക്കഥാകൃത്ത് ജോണ്‍ പോള്‍. ഭരതനും മോഹനും ഐ വി ശശിയും സേതുമാധവനും ജോഷിയുമൊക്ക അദ്ദേഹത്തിന്റെ തിരക്കഥയില്‍ സിനിമകള്‍ ചെയ്തു. 2009 ല്‍ ഐ വി ശശി സംവിധാനം ചെയ്ത വെള്ളത്തൂവല്‍ എന്ന ചിത്രത്തിന് ശേഷം പത്തുവര്‍ഷത്തെ ഇടവേളയെടുത്തു. 2019 ല്‍ വിനായകന്‍ നായകനായ കമല്‍ ചിത്രം ‘പ്രണയമീനുകളുടെ കടല്‍’ എന്ന ചിത്രത്തിന് തിരക്കഥയെഴുതിയായിരുന്നു അദ്ദേഹത്തിന്റെ രണ്ടാംവരവ്. 2020 ല്‍ മദര്‍ തേരേസ ലീമയുടെ ജീവിതം ആസ്പദമാക്കി തേരേസ ഹാഡ് എ ഡ്രീം എന്ന ചിത്രം നിര്‍മിച്ചു. രചനയും അദ്ദേഹം തന്നെയായിരുന്നു. അതാണ് അദ്ദേഹം അവസാനമെഴുതിയ കഥ.
Post Your Comments