തിരുവനന്തപുരം: അന്തരിച്ച സംവിധായകനും, തിരക്കഥാകൃത്തുമായ സച്ചിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംവിധായകൻ ഷാജി കൈലാസ്. നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ച, പ്രാർത്ഥിച്ച ഒരു നഷ്ടം കൂടി…ഒരുപാട് നേരത്തെയാണ് ഈ യാത്ര. കാതലും കഴമ്പുമുള്ള ഒരു എഴുത്തുകാരൻ… പ്രതിഭയാർന്ന സംവിധായകൻ… അതിലെല്ലാം ഉപരി മലയാള സിനിമാലോകത്തിന്റെ പകരം വെക്കാനില്ലാത്ത ഒരു സമ്പത്ത്… അതായിരുന്നു സച്ചി. നഷ്ടമായത് ഒരു സഹപ്രവർത്തകനെ മാത്രമല്ല… നല്ലൊരു സുഹൃത്തിനെയും സഹോദരനെയുമാണ്..! നഷ്ടങ്ങളുടെ നിരയിലേക്ക് ഇപ്പോഴൊന്നും ഇടം പിടിക്കരുതായിരുന്ന വിജയങ്ങളുടെ തോഴൻ… പകരം വെക്കാനില്ലാത്ത ഈ പ്രതിഭയുടെ കഥാപാത്രങ്ങളിലൂടെ തന്നെ സച്ചി ഇനിയും ജീവിക്കും. ഷാജി കൈലാസ് പറഞ്ഞു.
ഇന്നലെ രാത്രിയോടെയാണ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന സച്ചി തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ അന്തരിച്ചത്. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്താനുള്ള മരുന്നുകളോടെ വെന്‍റിലേറ്ററിലായിരുന്നു അദ്ദേഹം. ഇന്ന് കൊച്ചിയില്‍ എത്തിക്കുന്ന മൃതദേഹം രവിപുരം ശ്‍മശാനത്തില്‍ സംസ്‍ക്കരിക്കും.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്. 2015 ല്‍ ഇറങ്ങിയ അനാര്‍ക്കലിയാണ് സച്ചി ആദ്യം സംവിധാനം ചെയ്ത സിനിമ. അയ്യപ്പനും കോശിയുമാണ് സച്ചിയുടെ അവസാന ചിത്രം.
Post Your Comments