എരുമപ്പെട്ടി: കൈകാണിച്ചിട്ടും നിർത്താതെ പോയ വാഹനത്തിൽ നിന്ന് കണ്ടെത്തിയത് മാരകായുധങ്ങളും മയക്കുമരുന്നും. കവര്‍ച്ചക്കെത്തിയ ആറംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും, ഇവരില്‍നിന്ന് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയും കണ്ടെടുക്കുകയും ചെയ്‌തു. വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് പിടികൂടിയപ്പോഴാണ് ആയുധങ്ങളും മയക്കുമരുന്നും അടക്കം യുവാക്കളെ പിടികൂടിയത്.
മലപ്പുറം സ്വദേശികളായ കുറ്റിപ്പുറം കുളക്കാട് ദേശം വടക്കേക്കര വീട്ടില്‍ മുഹമ്മദ് ആഷിഫ് (23), കുറുമ്പത്തൂര്‍ പുന്നത്തൂര്‍ ദേശം കരിങ്ങപ്പാറ വീട്ടില്‍ ഷെഫീഖ് (28), അനന്തപുരം പട്ടര്‍നടക്കാവ് ദേശം ചെറിയാങ്കുളത്ത് വീട്ടില്‍ അബ്ദുല്‍ റഷീദ് (31), കുറുമ്പത്തൂര്‍ വെട്ടിച്ചിറ ദേശം വലിയപീടിക്കല്‍ വീട്ടില്‍ മുഹമ്മദ് മുസ്തഫ (33), ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ ദേശം കാവുങ്കല്‍ വീട്ടില്‍ നിഷാദ് അജ്മല്‍ (23), കുറുമ്പത്തൂര്‍ പുന്നത്തൂര്‍ ദേശം കരിങ്ങപ്പാറ വീട്ടില്‍ അബ്ദുല്ല ആദില്‍ (20) എന്നിവരെയാണ് പിടികൂടിയത്.
നിരോധിത മയക്കുമരുന്ന് വ്യാപനം തടയുന്നതിനായുള്ള തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ആദിത്യയുടെ നിര്‍ദ്ദേശാനുസരണം നടപ്പാക്കിയ സ്പെഷല്‍ ഡ്രൈവിന്‍റെ ഭാഗമായി കുന്നംകുളം എ.സി.പി ടി.എസ്. സിനോജിന്‍റെ നേതൃത്വത്തിലാണ് എരുമപ്പെട്ടി പൊലീസ് പരിശോധന നടത്തിയത്. വ്യാഴാഴ്ച രാവിലെ 11.30ന് എരുമപ്പെട്ടി പൊലീസ് പാഴിയോട്ടു മുറിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കൈ കാണിച്ചിട്ടും ഇവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്താതെ പോയത്.
കാറിനെ പിന്തുടര്‍ന്ന് കരിയന്നൂരില്‍ വെച്ച് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ ആറംഗ സംഘത്തില്‍നിന്ന് പെപ്പര്‍ സ്പ്രേ, കത്തി, 0.640 ഗ്രാം എം.ഡി.എം.എ എന്നിവ കണ്ടെടുത്തു. ഇവര്‍ കവര്‍ച്ച നടത്താനായി യാത്ര ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ കെ.കെ. ഭൂപേഷ്, എസ്.ഐമാരായ ടി.സി. അനുരാജ്, കെ.പി. ഷീബു, ജി.എസ്.സി.പി.ഒമാരായ കെ.വി. സുഗതന്‍, ടി.സി. സേവിയര്‍, കെ.എസ്. അരുണ്‍കുമാര്‍, പി.ബി. മിനി, സി.പി.ഒമാരായ കെ.എസ്. സുവിഷ്‌കുമാര്‍, എസ്. അഭിനന്ദ്, കെ.വി. സതീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നത്.
Post Your Comments