തിരുവനന്തപുരം: സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേസില്‍പ്പെടുന്ന പ്രവര്‍ത്തകര്‍ക്കായി നിയമ സഹായ സമിതി രൂപീകരിച്ച് കെപിസിസി. അതിന്റെ ഭാഗമായി കേരള പ്രദേശ് കോണ്‍ഗ്രസ് നിയമ സഹായ സമിതി (KPC-LAC) ചെയര്‍മാനായി അഡ്വ. വിഎസ് ചന്ദ്രശേഖരനെ ചുമതലയേല്‍പിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ 90 കോടതികളിലായി 750 അഭിഭാഷകർ കോൺഗ്രസ് പ്രവർത്തകർക്കായി സജ്ജമാണെന്നും ഇനി പോരാട്ടത്തിൻ്റെ നാളുകളാണെന്നും സുധാകരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
സംസ്ഥാന സർക്കാർ അഴിമതികളിലും കെടുകാര്യസ്ഥതകളിലും മുങ്ങിക്കുളിച്ചു നിൽക്കുകയാണ്. ഭരണപക്ഷ തൊഴിലാളി സംഘടനകൾ പോലും പിണറായി വിജയൻ സർക്കാരിൻ്റെ കഴിവുകേടുകൾക്കെതിരെ സമരം ചെയ്യുന്ന കാഴ്ച രാഷ്ട്രീയ കേരളം കാണുകയാണ്. കെ- റയിൽ കമ്മീഷൻ പദ്ധതിയിലടക്കം ജനങ്ങളുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധങ്ങളുയർന്ന് വരുന്ന ഈ ഘട്ടത്തിൽ ജനപക്ഷത്ത് നിൽക്കുന്ന പ്രതിപക്ഷം കൂടുതൽ കരുത്തോടെ സമര മുഖത്തേക്ക് ഇറങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
എന്നാൽ പ്രവർത്തകരെ തുടർച്ചയായി കള്ളക്കേസുകളിൽ കുടുക്കി പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാൻ ഭരണകൂടം ശ്രമിക്കുകയാണ്. അതുകൊണ്ട് തന്നെ കെപിസിസി ഈ നാടിൻ്റെ ശബ്ദമായി സമരമുഖത്തേക്കിറങ്ങുന്ന പ്രിയപ്പെട്ട പ്രവർത്തകർക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കാൻ തീരുമാനിച്ചിരിക്കുന്നു. അതിൻ്റെ ഭാഗമായി കേരള പ്രദേശ് കോൺഗ്രസ് നിയമ സഹായ സമിതി (KPC-LAC) ചെയർമാനായി അഡ്വ.വി.എസ് ചന്ദ്രശേഖരനെ ചുമതലയേൽപിച്ചു.
ബ്രഹ്‌മോസ് ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയകരം: 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള ശത്രുക്കളെ ഭസ്മമാക്കും
കെപിസിസി ആസ്ഥാനത്ത് ഈ നിയമ സഹായ സമിതിയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഡിസിസി ഓഫീസുകളിലും ഇതിൻ്റെ യൂണിറ്റുകൾ ഭാവിയിൽ തുടങ്ങും. സംസ്ഥാനത്തെ 90 കോടതികളിലായി 750 അഭിഭാഷകർ കോൺഗ്രസ് പ്രവർത്തകർക്കായി സജ്ജമായിരിക്കുന്നു. ഇനി പോരാട്ടത്തിൻ്റെ നാളുകളാണ്. പിണറായി വിജയൻ സർക്കാരിൻ്റെ നെറികേടുകൾക്കെതിരെ വിരൽ ചൂണ്ടാൻ, കൊള്ളരുതായ്മകളെ തച്ചുതകർക്കാൻ എൻ്റെ പ്രിയപ്പെട്ട പ്രവർത്തകർക്ക് കരുത്തായി ഈ നിയമ സഹായ സമിതി കൂടെയുണ്ടാകും.
Post Your Comments