തിരുവനന്തപുരം: സിപിഎമ്മിന്റെ രാഷ്ട്രീയ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കൂപമണ്ഡൂകമാണ് സിപിഎമ്മെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിലാണ് അദ്ദേഹം സിപിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചത്.
കേരളം എന്ന കിണറ്റിലാണ്, ലോകം വെട്ടിപ്പിടിക്കാന്‍ ഇറങ്ങിയ കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ ജീവിക്കുന്നതെന്നും ഈ കിണര്‍ വറ്റിയാല്‍ കമ്മ്യൂണിസ്റ്റ് ജീവികള്‍ക്ക് വംശനാശം നേരിടുമെന്നും ചെറിയാന്‍ ഫിലിപ്പ് പരിഹസിച്ചു. സംഖ്യാബലത്തിന്റെയും വോട്ടുവിഹിതത്തിന്റെയും അടിസ്ഥാനത്തില്‍ ഒരു ദേശീയ കക്ഷിയാവാന്‍ അര്‍ഹതയില്ലാത്ത, ഇന്ത്യയിലെ പന്ത്രണ്ടാമത്തെ കക്ഷിയായ സിപിഎമ്മാണ് ഒന്നാമത്തെ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രേഖ ഒരു രാഷ്ട്രീയ തമാശയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുമായി വിവാഹബന്ധം പാടില്ലെന്നും പ്രാദേശികമായി അവിഹിത ബന്ധം ആവാമെന്നുമാണ് രേഖയില്‍ പറയുന്നതെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിനെ കേരള ഘടകം ഹൈജാക്ക് ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദേശീയ സഖ്യത്തില്‍ ഒരു കക്ഷിയേപ്പോലും അണിനിരത്താനുള്ള പ്രാപ്തി സിപിഎമ്മിനില്ലെന്നും ബിജെപി വിരുദ്ധ പ്രതിപക്ഷ കക്ഷികളില്‍ ഭൂരിപക്ഷവും ഇപ്പോള്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നുണ്ടെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. സിപിഎമ്മിനോടൊപ്പം ഇടതുപക്ഷ കക്ഷികള്‍ പോലുമില്ലെന്നും ഇടതുപക്ഷ കക്ഷികളെല്ലാം ദേശീയ തലത്തില്‍ കോണ്‍ഗ്രസിനോടൊപ്പമാണെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേർത്തു.
Post Your Comments