
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ തകർന്ന ശ്രീലങ്കയിൽ, സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ ഒരാൾ മരിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ശ്രീലങ്കയിൽ സർക്കാറിനെതിരെ ദിവസങ്ങളായി നടന്നുവരുന്ന പ്രക്ഷോഭത്തിനുനേരെ ആദ്യമായാണ് പൊലീസ് വെടിയുതിർത്തത്. ജനങ്ങൾ അക്രമാസക്തരാകുകയും പൊലീസിനുനേരെ കല്ലെറിയുകയും ചെയ്തതോടെയാണ് വെടിയുതിർത്തതെന്ന് പൊലീസ് വക്താവ് അറിയിച്ചു.
സെൻട്രൽ ശ്രീലങ്കയിലെ റംബുക്കാനായിലെ ദേശീയപാത പ്രതിഷേധക്കാർ ഉപരോധിച്ചു. തലസ്ഥാനമായ കൊളംബോയിലേക്കുള്ള പ്രധാന റോഡുകളെല്ലാം പ്രക്ഷോഭകാരികൾ തടസ്സപ്പെടുത്തുകയും ചെയ്തു. ഇതിനിടെ പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു. അതേസമയം, ഏപ്രിൽ ആദ്യം അടിയന്തരാവസ്ഥയും കർഫ്യൂവും ലംഘിച്ച് ജനം തെരുവിലിറങ്ങിയതിന് പിന്നാലെ, ശ്രീലങ്കയിൽ പ്രസിഡന്റ് ഗോടബയയും പ്രധാനമന്ത്രി മഹിന്ദ രാജപക്സയും ഒഴികെ എല്ലാവരും രാജിവെച്ചിരുന്നു.
ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് ജനം തെരുവിലിറങ്ങിയത്. പ്രതിഷേധത്തെ അതിജീവിക്കാൻ പ്രതിപക്ഷത്തെയും ചേർത്തുള്ള മന്ത്രിസഭയെന്ന നിർദ്ദേശം നേരത്തെ പ്രസിഡന്റ് ഗോടബയ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഈ നീക്കത്തെ പ്രതിപക്ഷം തള്ളിക്കളഞ്ഞു. തുടർന്ന്, പ്രതിഷേധം അവസാനിപ്പിക്കാൻ ഗോടബയയും മഹിന്ദയും പ്രത്യേകം രാജ്യത്തെ അഭിസംബോധന ചെയ്തെങ്കിലും പ്രക്ഷോഭകർ വഴങ്ങിയിട്ടില്ല.
Post Your Comments