തിരുവനന്തപുരം: ലുലു മാളിന്റേതെന്ന പേരിൽ വാട്സ്ആപ്പ് വഴി വ്യാജ സന്ദേശങ്ങൾ പരക്കുന്നതായി റിപ്പോർട്ട്. റമദാൻ ഗിഫ്റ്റ് എന്ന് പറഞ്ഞ് ആളുകളെ ലിങ്കുകളിലേക്ക് ആകർഷിപ്പിച്ചു ഐ ഫോണും മറ്റും വാഗ്ദാനം ചെയ്യുകയാണ് ഈ വെബ്സൈറ്റ് ചെയ്യുന്നത്. ഇതുവഴി ആളുകളുടെ കോൺടാക്ട് നമ്പറും മറ്റു വിവരങ്ങളും ശേഖരിക്കുകയാണ് വ്യാജ ഗ്രൂപ്പിന്റെ ലക്ഷ്യമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇത്തരത്തിൽ ഒരു പ്രോഗ്രാം ലുലു മാൾ നടത്തുന്നില്ലെന്ന് സംഭവത്തിൽ അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഈ വ്യാജ സന്ദേശം എത്തിയിട്ടുണ്ട്. ലുലു ഹൈപ്പർ മാർക്കറ്റിന്റെ ചിഹ്നവും മറ്റും കൊടുത്താണ് ഈ വെബ്സൈറ്റ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ആരും ആദ്യ കാഴ്ചയിൽ തന്നെ വീണുപോകുന്ന തരത്തിലുള്ള നിർമ്മിതിയാണ് ഇതിനുള്ളത്.
വാട്സ്ആപ്പ് വഴി പ്രചരിക്കുന്ന ലിങ്കിൽ നമ്മളോട് ലോഗിൻ ചെയ്യാനും, തുടർന്ന് ആ ലിങ്ക് നമ്മുടെ തന്നെ 20 സുഹൃത്തുക്കൾക്കോ അല്ലെങ്കിൽ 5 ഗ്രൂപ്പുകൾക്കോ അയച്ച് നൽകണമെന്നാണ് നിർദ്ദേശം. തുടർന്ന്, നിങ്ങൾക്ക് മുൻപിൽ ഒരു പട്ടിക തെളിയും അതിൽ ഐ ഫോൺ മുതൽ സൈക്കിൽ വരെയുണ്ട്. മൂന്ന് ചാൻസിൽ മൂന്നാമത്തേതിൽ നിങ്ങൾക്ക് ഉറപ്പായും ഒരു സമ്മാനം ലഭിക്കും. തുടർന്നാണ് ഏറ്റവും വലിയ തട്ടിപ്പ് അരങ്ങേറാൻ പോകുന്നത്. അവർ നിങ്ങളോട് ഒരു അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ ആവശ്യപ്പെടും. ഇത് അവസാനത്തെ സ്റ്റെപ് ആണ്. ഈ അപ്ലിക്കേഷൻ വഴിയാണ് വ്യാജ വെബ്സൈറ്റ് നമ്മളെ വലയിലാക്കാൻ പോകുന്നത്. അതുകൊണ്ട് സൂക്ഷിക്കുക. വ്യാജ പ്രചാരണങ്ങളിൽ ബോധവാന്മാരായിരിക്കുക.
Post Your Comments