Latest NewsKeralaIndiaNews

കലാപം ഉണ്ടാക്കാനുള്ള ശ്രമം, മുഖാമുഖം നിൽക്കുന്നത് തീവ്രവാദ സ്വഭാവമുളള രണ്ട് വർഗീയ ശക്തികൾ: ഇരട്ട കൊലപാതകത്തിൽ സ്പീക്കർ

കണ്ണൂർ: പാലക്കാട് നടന്ന ഇരട്ട കൊലപാതകത്തിൽ എസ്.ഡി.പി.ഐയെയും ആർ.എസ്.എസിനെയും രൂക്ഷമായി വിമർശിച്ച് സ്പീക്കർ എം ബി രാജേഷ്. തുടർച്ചയായി നടത്തുന്ന കൊലപാതകങ്ങളിലൂടെ കേരളത്തെ പകുത്തെടുക്കാനാണ് രണ്ട് വർഗീയ ശക്തികൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖാമുഖം നിൽക്കുന്നത് തീവ്രവാദ സ്വഭാവമുളള രണ്ട് വർഗീയ ശക്തികളാണെന്നും, ഇതിനെ സാധാരണ ഒരു രാഷ്ട്രീയ അക്രമമായി കാണാനാകില്ലെന്നുമാണ് സ്പീക്കർ പറയുന്നത്.

Also Read:ഉത്സവപ്പറമ്പിൽ മുസ്ലിംങ്ങൾക്ക് വിലക്ക്: ബോര്‍ഡ് കാലത്തിന് ഭൂഷണമല്ലെന്ന് എം.വി ജയരാജൻ,ക്ഷേത്രക്കമ്മിറ്റിക്കെതിരെ വിമർശനം

‘ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് ഈ രണ്ട് ശക്തികളും. ഇത്തരം വർഗീയ ശക്തികളെ സമൂഹത്തിൽ നിന്നും പരിപൂർണ്ണമായും ഒറ്റപ്പെടുത്തണം. അതോടൊപ്പം സമാധാനകാംക്ഷികളെ ഒന്നിപ്പിക്കാനുളള ശ്രമങ്ങൾ ഉണ്ടാവണം. വളരെ ആസൂത്രിതമായി നടപ്പാക്കുന്ന കൊലപാതകങ്ങളാണിത്. ഇതിന്റെ പിന്നിൽ കൃത്യമായ ഉദ്ദേശങ്ങളുണ്ട്. കേരളത്തിലാകെ വർഗീയമായ ചേരിതിരിവ് സൃഷ്ടിക്കുക. കലാപം ഉണ്ടാക്കാനുളള ശ്രമമാണ് നടക്കുന്നത്. ആലപ്പുഴയിൽ അതിനുളള ശ്രമം ഉണ്ടായി. എന്നാൽ, വിജയിച്ചില്ല. അപ്പോൾ അടുത്ത കേന്ദ്രം തിരഞ്ഞെടുക്കുകയാണ്. അക്രമങ്ങളിൽ പൊലീസ് കൃത്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. മുഖാമുഖം നിൽക്കുന്നത് തീവ്രവാദ സ്വഭാവമുളള രണ്ട് വർഗീയ ശക്തികളാണ്. കൊല്ലാനും കൊല്ലപ്പെടുവാനും മനസുളള സംഘങ്ങളെ അവർ വാർത്തെടുക്കുകയാണ്. ഇതിനെ സാധാരണ ഒരു രാഷ്ട്രീയ അക്രമമായി കാണാനാകില്ല. നേരത്തെ തയ്യാറാക്കിവച്ച കില്ലർ സ്ക്വാഡുകളും ഹിറ്റ് ലിസ്റ്റും പ്രകാരമുളള പദ്ധതിയാണ് അവർ നടപ്പാക്കിയത്’, സ്പീക്കർ പറഞ്ഞു.

അതേസമയം, പാലക്കാട് ഇരട്ട കൊലപാതകത്തിൽ പ്രതികരിക്കവേ, മറ്റ് രാഷ്ട്രീയ കൊലപാതകങ്ങളെ ‘സാധാരണ’ രാഷ്ട്രീയ കൊലപാതകമാക്കി സ്പീക്കർ ചിത്രീകരിച്ചോ എന്ന ചോദ്യവുമുയരുന്നുണ്ട്. ഇതിനെ സാധാരണ ഒരു രാഷ്ട്രീയ അക്രമമായി കാണാനാകില്ലെന്ന് പറഞ്ഞതിലൂടെ, ഇതിനു മുൻപ് നടന്ന രാഷ്ട്രീയ കൊലപാതകങ്ങളെ വെറും ‘സാധാരണ’ സംഭവമാക്കി മാറ്റുകയാണോ എന്ന പരിഹാസവും വിമർശനവുമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button