പാലക്കാട്: പാലക്കാട് ജില്ലയിൽ നിലവിലെ സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന സംഘർഷാവസ്ഥ തടയാനായി തമിഴ്‌നാട് പോലീസും. മൂന്ന് ദിവസത്തേക്കാണ് തമിഴ്‌നാട് പോലീസിന്റെ സുരക്ഷാ വിന്യാസം പാലക്കാട് ഉണ്ടാകുന്നത്. കോയമ്പത്തൂർ സിറ്റി പോലീസിന്റെ മൂന്ന് കമ്പനി ഉൾപ്പെടെ 900 പോലീസുകാരാണ് പാലക്കാട് എത്തുക. ഉണ്ടായേക്കാവുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് അതീവ ജാഗ്രതയാണ് പുലർത്തുന്നത്.
അതേസമയം, പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ തുടരുകയാണ്. ഈ മാസം 20 വരെയാണ് നിരോധനാജ്ഞ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് നടന്നത്. വിഷുദിനത്തിലാണ് ജില്ലയിൽ എസ്.ഡി.പിഐ. പ്രവർത്തനെ കൊലപ്പെടുത്തിയത്. ഉച്ചയോടെയായിരുന്നു സുബൈർ എന്ന യുവാവിന്റെ കൊലപാതകം. പോപ്പുലർ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുബൈർ.
ഈ കൊലപാതകത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപായിരുന്നു കഴിഞ്ഞ ദിവസം ഉച്ചയോടെ ആർ.എസ്.എസ്. മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസൻ വെട്ടേറ്റ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വച്ചായിരുന്നു സംഭവം. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments