മുൻ മന്ത്രിയും നടനുമായ ഗണേഷ് കുമാറിനെക്കുറിച്ചു രജിത് ലീല രവീന്ദ്രൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ഗണേഷ് കുമാർ എന്ന വ്യക്തി കേരള രാഷ്ട്രീയത്തിലെ ഒരപൂർവ്വതയാണെന്നും ഓരോ കെ.എസ്.ആർ.ടി.സി മന്ത്രിമാരുടെ കാലത്തും ഗണേഷ് എന്ന മുൻമന്ത്രിയെ നാട്ടുകാരും ജീവനക്കാരും മതിപ്പോടെ ഓർക്കുമെന്നും കുറിപ്പിൽ പറയുന്നു
കുറിപ്പ് പൂർണ്ണ രൂപം
ഗണേഷ് കുമാർ എന്ന വ്യക്തി കേരള രാഷ്ട്രീയത്തിലെ ഒരപൂർവ്വതയാണ്. നിങ്ങൾക്കയാളെ ഇഷ്ടപ്പെടുകയോ, വെറുക്കുകയോ ചെയ്യാം. എന്നാൽ അയാളെ ഒരുപാട് കാലം കണ്ടില്ലെന്ന് നടിക്കാനാവില്ല. രാഷ്ട്രീയക്കാരിലെ നടനാണോ, നടന്മാരിലെ രാഷ്ട്രീയക്കാരനാണോ ഗണേഷ് എന്നൊരു ആശയകുഴപ്പം നമുക്കുണ്ടാവുകയും ചെയ്യും.
read also:നോമ്പിന്റെ 30 ദിവസവും ഇത് പോലെ പമ്പ് അടച്ച് ഇട്ടാൽ എന്താവും സ്ഥിതി ? ഉസ്താദിന് മറുപടിയുമായി ഒമർ ലുലു
‘ഏറ്റവും മികച്ചയാൾ അയാളാണെന്ന് അയാൾ തന്നെ പറയും, എന്നാൽ പറയുന്നത് തികച്ചും ഭോഷ്‌ക്ക് അല്ല താനും’ ടി പത്മനാഭനെ കുറിച്ച്, വളരെ പണ്ടൊരു കാലത്ത് ഒരു സാഹിത്യ നിരൂപകൻ പറഞ്ഞത് ഇന്നത്തെ ഗണേഷ് കുമാറിനും ചിലയിടത്തെല്ലാം ബാധകമാണ്. ഓരോ കെ എസ് ആർ ടി സി മന്ത്രിമാരുടെ കാലത്തും ഗണേഷ് എന്ന മുൻമന്ത്രിയെ നാട്ടുകാരും, ജീവനക്കാരും മതിപ്പോടെ ഓർക്കുന്നുണ്ടെന്നതും സത്യം.
വ്യക്‌തി ജീവിതത്തിൽ അദ്ദേഹം നേരിട്ട ആരോപണങ്ങളുടെ പകുതി പോലും മറ്റു രാഷ്ട്രീയ നേതാക്കൾ നേരിടേണ്ടി വന്നിട്ടില്ല. പക്ഷേ ക്ഷമയോടെ ക്രീസിൽ നിലയുറപ്പിച്ചു, എന്നാൽ അമിതമായ പ്രതിരോധത്തിലേക്ക് പോകാതെ കൃത്യമായി സ്കോർ ബോർഡ് ചലിപ്പിച്ചു കൊണ്ടിരുന്ന ഓസ്ട്രേലിയൻ ബാറ്റസ്മാൻ മൈക്കൽ ബെവനെ പോലാണ് ഗണേഷ് കുമാർ രാഷ്ട്രീയത്തിൽ. ബെവനെ പോലെ ടെക്നിക്കൽ മികവും, അപാരമായ ആത്മവിശ്വാസവും ഗണേഷിനുമുണ്ട്.
ജീവിതത്തിന്റെ ഭൂരിഭാഗ കാലവും സ്വരച്ചേർച്ചയിൽ അല്ലാതിരുന്ന കടും പിടിത്തക്കാരനായ പിതാവിനെ അനുനയിപ്പിക്കാനും, അദ്ദേഹത്തിന്റെ പിന്തുടർച്ചാവകാശം രാഷ്ട്രീയത്തിലും, സ്വത്തിലും, സമുദായസംഘടനയിലും നേടാനായി എന്നത് നിസാരമായൊരു കാര്യമല്ല. കാര്യങ്ങൾ തന്ത്രജ്ഞതയോടെ പൊതിഞ്ഞു പറയുക എന്നത് മാത്രമല്ല രാഷ്ട്രീയമെന്നും, പറയേണ്ട സമയത്ത് പറയേണ്ട കാര്യങ്ങൾ പറയേണ്ടത് പോലെ പറയുക എന്നതും പ്രധാനമാണെന്ന് പത്തനാപുരത്തെ അജയ്യനായ എം എൽ എ യെ ആരും പഠിപ്പിക്കേണ്ടതില്ല.
അതുകൊണ്ടാണ്, ദൈവമുണ്ടെന്നും, ഇല്ലായിരുന്നുവെങ്കിൽ താൻ മന്ത്രിയായി സ്വിഫ്റ്റ് ബസിന്റെ ഓരോ തട്ടലിനും, മുട്ടലിനും, അതുപോലെ കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം കൊടുക്കാത്തതിനും, മറുപടി പറയേണ്ടി വരുമായിരുന്നെന്ന് ഭരണ മുന്നണിയുടെ ഘടകകക്ഷിയായിരുന്നിട്ടും വളരെ സിമ്പിളായി പൊതുയോഗത്തിൽ പ്രസംഗിക്കാൻ ഗണേഷ് കുമാറിന് സാധിക്കുന്നത്.
സംസ്ഥാന ഭരണം രണ്ടര വർഷം പൂർത്തിയാക്കുന്ന കാലത്ത് ദൈവം ഗണേഷിനു വേണ്ടി എന്താണ് കാത്തുവെച്ചിരിക്കുന്നതെന്ന കാത്തിരിപ്പാണ് ഇനി ബാക്കി.
(രജിത് ലീല രവീന്ദ്രൻ )
Post Your Comments