പാലക്കാട്: വിഷു ദിനത്തിലെ രാഷ്ട്രീയ കൊലപാതകത്തെ അപലപിച്ച് എം.എൽ.എ ഷാഫി പറമ്പിൽ. ആർ.എസ്.എസും എസ്.ഡി.പി.ഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകർക്കുകയാണെന്നും ഇരുസംഘടനകളും ജനജീവിതത്തെ വെല്ലുവിളിക്കുകയാണെന്നും ഷാഫി പറമ്പിൽ വിമർശിച്ചു. അക്രമികൾ സ്വൈര്യ ജീവിതത്തെ വെല്ലുവിളിക്കുമ്പോൾ ഒരു ചുക്കും ചെയ്യാൻ കഴിയാത്ത പോലീസിന്റെ ദയനീയ പരാജയം പാലക്കാടിനെ ആശങ്കയിലാഴ്ത്തുന്നുവെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
ഭീകര സംഘടനകളുടെ തലപ്പത്തിരുന്ന് ഭാര്യയുടെ മുന്നിലും അച്ഛന്റെ മുന്നിലുമിട്ട് ആളെ കൊല്ലാൻ ഉത്തരവിടുന്ന നേതൃത്വത്തെ പിടിക്കാൻ പോലീസ് മടിക്കുകയാണെന്നും ഷാഫി വിമർശിച്ചു. പാലക്കാട് ആർ.എസ്.എസ് പ്രവർത്തകനെ ഒരു സംഘം ആളുകൾ വെട്ടി കൊന്നതിനു പിന്നാലെയാണ് ഷാഫി പറമ്പിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. എസ്.ഡി.പി.ഐ പ്രവർത്തകൻ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയുന്നതിനു മുമ്പാണ് ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം.
ഷാഫി പറമ്പിലിന്റെ കുറിപ്പ് ഇങ്ങനെ:
നാടിന്റെ ശാപമായ ആർ എസ് എസും – എസ് ഡി പി ഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകർക്കുകയാണ്. വർഗ്ഗീയ കോമരങ്ങൾ ഒരു ജനതയുടെ സ്വൈര ജീവിതത്തെ വെല്ലുവിളിക്കുമ്പോൾ ഒരു ചുക്കും ചെയ്യാൻ കഴിയാത്ത പോലീസിന്റെ ദയനീയ പരാജയം കൂടി ചേർന്ന് പാലക്കാടിനെ വലിയ ആശങ്കയിലാഴ്ത്തുന്നു. ആഭ്യന്തര വകുപ്പും മന്ത്രിയും മഞ്ഞ കുറ്റിക്ക് കാവൽ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി മാറി. ഈ ഭീകര സംഘടനകളുടെ തലപ്പത്തിരുന്ന് ഭാര്യയുടെ മുന്നിലും അച്ഛന്റെ മുന്നിലുമിട്ട് ആളെ കൊല്ലാൻ ഉത്തരവിടുന്ന നേതൃത്വത്തെ പിടിക്കാൻ പോലീസ് മടിക്കുന്നു. അവരറിയാതെ ഇത് നടക്കില്ല. പാലക്കാടൻ ജനത ഒറ്റക്കെട്ടായി ഈ അക്രമ പരമ്പരകളെയും ഉത്തരവാദികളെയും ജനങ്ങളെ വിഭജിക്കുവാനുള്ള അവരുടെ ശ്രമങ്ങളെയും പരാജയപ്പെടുത്തും.
Post Your Comments