കോഴിക്കോട്: കോടഞ്ചേരി വിവാദ വിവാഹത്തിൽ പ്രതികരണവുമായി പി.സി ജോർജ്. രണ്ട് സമുദായങ്ങൾ തമ്മിൽ ശത്രുത വരുത്താൻ ഈ വിവാഹം കാരണമായെന്ന് പി. സി ജോർജ് ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന കാര്യത്തിൽ സംശയമില്ലെന്ന് പറയുന്ന പി.സി, കോടഞ്ചേരിയിലെ വിവാദ വിവാഹത്തിൽ ലൗ ജിഹാദ് ഇല്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. 5000 ത്തോളം പെൺകുട്ടികളെ ഇവിടെ കാണാതായിട്ടുണ്ടെന്നും, അവരെല്ലാം അഫ്‌ഗാനിസ്ഥാനിൽ എത്തിയെന്നാണ് വിവരം ലഭിച്ചതെന്നും പി.സി ജോർജ് പറയുന്നു.
‘ഈ പെൺകുട്ടിയുടെ അപ്പൻ എന്നെ ഇന്നലെ ഫോണിൽ വിളിച്ചു. അദ്ദേഹം എന്നോട് പറഞ്ഞത്, എന്റെ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയിരിക്കുകയാണ്. വിളിച്ചപ്പോൾ ഞാൻ തടങ്കലിലാണ് എന്ന് മകൾ പറഞ്ഞു എന്നാണ്. എന്നാൽ, കാര്യം ഞാൻ വിശദമായി അന്വേഷിച്ചു. ആ പെൺകുട്ടി അറിഞ്ഞുകൊണ്ട് അവന്റെ കൂടെ ഇറങ്ങി പോയതാണെന്ന് വ്യക്തമായി. അപ്പോഴേ ഞാൻ പറഞ്ഞു, ലൗ ജിഹാദ് എന്ന് ഇനി പറയാൻ പാടില്ല എന്ന്. കാസയുടെ ആളുകളെ വിളിച്ച് ഞാൻ പറഞ്ഞു. ഇനി ഇടപെടാൻ നിക്കരുത് എന്ന്. ഈ പെൺകുട്ടിയെ ഡി.വൈ.എഫ്.ഐ സംരക്ഷിക്കണം’, പി.സി ജോർജ് പറയുന്നു.
അതേസമയം, പി.സി ജോർജിന് മറുപടിയുമായി ഒളിച്ചോടി വിവാഹിതരായ ഷെജിനും ജ്യോത്സ്‌നയും രംഗത്തെത്തി. തങ്ങൾ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാൻ ഇറങ്ങിയവരാണെന്ന് സാമാന്യ ബോധം വെച്ച് ചിന്തിച്ചാൽ മനസിലാകുമെന്ന് ഷെജിന്‍ പറയുന്നു. പല സംഘടനകളിൽ നിന്നും തങ്ങൾക്ക് എതിരെ ഭീഷണി ഉയരുന്നുണ്ടെന്നും കോടഞ്ചേരിയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ വില്ലേജ് സെക്രട്ടറിയുമായ ഷെജിന്‍ എം.എസ് വ്യക്തമാക്കി.
‘ഞങ്ങൾ പ്രായപൂർത്തിയായ രണ്ട് വ്യക്തികളാണ്. സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. അതിൽ മതവും ജാതിയും രാഷ്ട്രീയവും ഒന്നുമില്ല. ഏഴ് മാസമായി ഇഷ്ടത്തിലാണ്. പരസ്പരം ഇപ്പോഴും ഇഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ലീവിന് വരുന്നതനുസരിച്ച് വീട്ടിൽ നിന്നും ഇറങ്ങാൻ തീരുമാനിച്ചിരുന്നു’, ഷെജിൻ പറഞ്ഞു.
അതേസമയം, ഷെജിന്റെയും ജ്യോത്സ്നയുടെയും ‘വിവാഹം’ ലവ് ജിഹാദാണെന്നും പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആയിരുന്നു രംഗത്ത് വന്നത്. പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയും ഇവർ പ്രതിഷേധം രേഖപ്പെടുത്തി. കാസയും ഗുരുതര ആരോപണങ്ങൾ ഉയർത്തിയിരുന്നു.
Post Your Comments