![](/wp-content/uploads/2022/04/whatsapp-image-2022-04-14-at-12.11.58-pm.jpeg)
ആഘോഷങ്ങളെല്ലാം വിഷം ചേർത്ത് വിളമ്പുക എന്നത് കുറച്ചു വർഷങ്ങളായി മലയാളികളുടെ ഒരു ശീലമാണ്. ഓണമാകട്ടെ, ക്രിസ്തുമസാകട്ടെ, മറ്റേത് വിശേഷങ്ങളുമാകട്ടെ വിഷം കുത്തി നിറച്ച കുറച്ചു പച്ചക്കറിയില്ലാതെ നമുക്കൊന്നും മനസ്സും വയറും നിറയില്ല. തമിഴ്നാട്ടിൽ നിന്ന് തുടങ്ങി ആന്ധ്രയിൽ വരെ എത്തി നിൽക്കുന്നുണ്ട് നമ്മുടെ വിഷവിഭവങ്ങളുടെ ഇറക്കുമതി. എല്ലാം ഇവിടെയുണ്ടാക്കാൻ സൗകര്യമുണ്ടായിട്ടും, ആ നിലങ്ങൾ കുത്തക കമ്പനികൾക്ക് കൊടുത്ത് പകരം വിദേശങ്ങളിലേക്ക് പറക്കുന്നവരാണ് നമ്മളിൽ പലരും. എല്ലാം വാങ്ങിച്ചു കൂട്ടും, ഒന്നും ഉത്പാദിപ്പിക്കില്ല. മൊബൈൽ മുതൽ ലാപ്ടോപ് വരെ നിർമ്മിക്കാൻ ശുഷ്‌കാന്തി കാണിക്കുന്ന സർക്കാർ പോലും കാർഷിക മേഖലയെ പരിഗണിക്കുന്നില്ല.
തെരുവോരത്തെ ഉന്തുവണ്ടിയിലും നിന്ന് നമ്മളിൽ പലരും വാങ്ങുന്ന കീടനാശിനി കലര്‍ന്ന പഴങ്ങള്‍ അമൃത് പോലെ നമ്മുടെ മക്കൾക്ക് നൽകുന്ന എത്ര അച്ഛനമ്മമാരുണ്ട് നമുക്ക് ചുറ്റും. എവിടെയാണ് അവ ഉത്പാദിപ്പിക്കുന്നതെന്നോ എന്താണ് അവയില്‍ തളിക്കുന്ന വിഷവസ്തുവെന്നോ എന്തളവില്‍ അത് പ്രയോഗിക്കുന്നുവെന്നോ അവരിൽ പലർക്കും അറിയില്ല. മാധ്യമങ്ങളും മറ്റും ഇതേ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടുന്നുണ്ടെങ്കിലും അതിനെയൊന്നും നമ്മൾ കാര്യമായി കണക്കാക്കുന്നില്ല. മലയാളികൾക്ക് വേണ്ടി മാത്രം കീടനാശിനി തെളിച്ച പച്ചക്കറികൾ ഉത്പാദിപ്പിക്കുന്ന എത്രയോ സ്ഥലങ്ങൾ തമിഴ്നാട്ടിലുണ്ടെന്നോ.
സ്വന്തം കൃഷിയിടങ്ങളിൽ നമ്മൾ വിളയിച്ചെടുക്കുന്ന നല്ല പച്ചക്കറികളോളം ശുദ്ധമായത് മറ്റൊന്നുമില്ല. അത് തിരിച്ചറിയാൻ നമ്മളിനി ഏത് ഭൂതകാലത്തിലേക്കാണ് തിരിച്ചു പോകേണ്ടത്. ഉള്ള സ്ഥലത്ത് ഉള്ളത് പോലെ കൃഷി ചെയ്യാൻ വേണ്ട എല്ലാ സംവിധാനങ്ങളും നമുക്കുണ്ടായിട്ടും, സമയം മുടക്കാൻ ആരും തയ്യാറല്ല. നല്ലത് കഴിക്കാൻ നല്ല പണിയെടുക്കുക തന്നെ വേണം. നമ്മൾ മലയാളികൾ അതിന് ഏറെ പിറകിലാണെന്ന് വേണം കരുതാൻ. ആഘോഷങ്ങൾക്ക് പോലും വിഷം വിളമ്പാൻ തയ്യാറായിട്ടാണ് നമ്മൾ മലയാളികൾ നിൽക്കുന്നത്.
Post Your Comments