തൃശ്ശൂര്‍: മേല്‍ശാന്തിമാർക്ക് വിഷുക്കൈനീട്ടം നല്‍കിയതിന് പിന്നാലെ, സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ കൈനീട്ട വിതരണവും വിവാദമായിരുന്നു. കാറിലിരുന്ന് നടന്‍ വിഷുകൈനീട്ടം നല്‍കുന്നതും പണം വാങ്ങിയ ശേഷം സ്ത്രീകൾ കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോ പുറത്തുവന്നതോടെ, നിരവധി പേർ ഇതിനെതിരെ രംഗത്ത് വന്നു. സംഭവത്തിൽ, പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. ദീപാവലി, രാമനവമി, ഗണേശോത്സവം, വിഷു ഇതൊക്കെ വോട്ടുത്സവങ്ങളായി മാറുന്ന പ്രതിഭാസം ഇതിനിടയില്‍ നമ്മള്‍ കാണാതെ പോകരുതെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘രാജ്യസഭയില്‍ നിന്ന് ലോക്‌സഭയിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങാന്‍ ലഭിച്ച ഉപദേശം ശിരസ്സാ വഹിച്ചതു പോലെയാണ്. കര്‍ഷകരെ ആക്ഷേപിച്ചും ലക്ഷം രൂപയുടെ ‘ഗാന്ധി ചിത്രമുള്ള ‘ ഒരു രൂപ നോട്ടിറക്കിയും കാണിക്കയ്ക്ക് ഒരു ദിനം മുന്‍പേ കാല്‍തൊട്ടവര്‍ക്ക് കാണിക്ക കൊടുത്തും കൊഴുപ്പിച്ചതാണ്. നന്‍മയുള്ള അര്‍ബന്‍ റിച്ച് ആല്‍ഫാ മെയില്‍ അപ്പര്‍ കാസ്റ്റ് സ്റ്റാറിന്റെ മാസ്സ് എന്‍ട്രിയാണ് സ്‌ക്രിപ്റ്റില്‍. ഹിറ്റാക്കാന്‍ പോന്ന ഒരു കമ്മ്യൂണല്‍സിവില്‍ സൊസൈറ്റിയാണ് ടാര്‍ജറ്റ്. ദീപാവലി, രാമനവമി, ഗണേശോത്സവം ,വിഷു ഇതൊക്കെ വോട്ടുത്സവങ്ങളായി മാറുന്ന പ്രതിഭാസം ഇതിനിടയില്‍ നമ്മള്‍ കാണാതെ പോകരുത്’, അരുണ്‍ കുമാര്‍ വ്യക്തമാക്കി.
അതേസമയം, വെള്ളിയാഴ്ച മുതല്‍ തൃശ്ശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൈനീട്ട വിതരണത്തിന്‍റെ വീഡിയോ ആണ് പ്രചരിക്കുന്നത്. തൃശ്ശൂരിലെ ബി.ജെ.പി നേതൃത്വത്തിന്റെ കൂടി സഹകരണത്തോടെയാണ് നടന്റെ പേരില്‍ വിഷുകൈനീട്ടം വിതരണം ചെയ്തത്. ഓരോ മേഖലയിലേയും പ്രാദേശിക നേതാക്കളും വിവിധയിടങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ പ്രവൃത്തിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
തന്റെ കാറില്‍ കൈനീട്ടവുമായി സുരേഷ് ഗോപി ഇരിക്കുന്നു. ഇത് വാങ്ങുവാനായി സ്ത്രീകള്‍ വരിയായി എത്തുകയും ഓരോരുത്തരായി പണം വാങ്ങിയശേഷം കാല്‍തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഒടുവില്‍ പണം വാങ്ങിയ എല്ലാവരും ചേര്‍ന്ന് നടനൊപ്പം ഫോട്ടോയും എടുക്കുന്നുണ്ട്.
Post Your Comments