ന്യൂഡല്‍ഹി: പോപ്പുലര്‍ഫ്രണ്ട് നേതാവ് ഡല്‍ഹിയില്‍ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂവാറ്റുപുഴ സ്വദേശി അഷ്‌റഫിനെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതത്.
കള്ളപ്പണം വെളുപ്പിച്ചതിനാണ് അറസ്റ്റ് എന്നാണ് ഇഡി പറയുന്നത്. കഴിഞ്ഞ വർഷം ഡിസംബറില്‍ മൂവാറ്റുപുഴയിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഈ സമയം നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഇഡിക്കെതിരെ പ്രതിഷേധവുമായി സംഭവ സ്ഥലത്ത് തടിച്ചു കൂടിയിരുന്നു.
റെയ്ഡിൽ പിടിച്ചെടുത്തത് നിരവധി രേഖകളാണെന്ന് ഇഡി പറയുന്നു. വിവിധസംഘടനകളുടെ പേരില്‍ പണം സ്വീകരിച്ച ശേഷം, നിക്ഷേപ പദ്ധതികള്‍ക്കായി കള്ളപ്പണം വെളുപ്പിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇഡി അഷ്‌റഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ, അഷ്‌റഫിനെ ചോദ്യം ചെയ്യാനായി ഇഡി വിളിച്ചുവരുത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു അറസ്റ്റ്. അതേസമയം, 2021 ഡിസംബർ എട്ടാം തീയതി ഇഡി നടത്തിയ റെയ്ഡിൽ അബുദാബിയിലെ ബാറും റെസ്റ്റോറന്റും ഉൾപ്പെടെയുള്ള വസ്തുവകകളെ കുറിച്ചുള്ള തെളിവുകളും കള്ളപ്പണം വെളുപ്പിക്കലിന്റെ രേഖകളും കണ്ടെത്തിയിരുന്നു.
കണ്ണൂർ പെരിങ്ങത്തൂരിലെ പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ പ്രവർത്തകൻ ഷഫീഖ് പായേത്ത്, മലപ്പുറം പെരുമ്പടപ്പിലെ പോപ്പുലർ ഫ്രണ്ട് ഡിവിഷണൽ പ്രസിഡണ്ട് ബിപി അബ്‌ദുൾ റസാഖ്, മൂവാറ്റുപുഴയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് എംകെ അഷ്‌റഫ് എന്നിവരുടെ വീടുകളിലാണ് ഇഡി സംഘം റെയ്‌ഡ് നടത്തിയത്. ഇതിന് പുറമേ, മൂന്നാർ വില്ല വിസ്‌റ്റ പ്രൊജക്‌ടിന്റെ ഓഫിസിലും പരിശോധന നടത്തിയിരുന്നു. റെയ്‌ഡ് തടസപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ശ്രമിച്ചെങ്കിലും സിആർപിഎഫിന്റെ സാന്നിധ്യത്തിൽ പരിശോധന വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞെന്നാണ് ഇഡിയുടെ വാർത്താകുറിപ്പിൽ പറഞ്ഞത്.
ഡിജിറ്റൽ ഉപകരണങ്ങളും വിദേശ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകളും റെയ്‌ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. മൂന്നാർ വില്ല വിസ്‌റ്റ പ്രൊജക്‌ട് ഉൾപ്പടെ കേരളത്തിലെ വിവിധ പദ്ധതികളുടെ പോപ്പുലർ ഫ്രണ്ട് കള്ളപ്പണ ഇടപാടുകൾ നടത്തുന്നതിന്റെ രേഖകളും കണ്ടെടുത്തു. മാത്രമല്ല, പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വിദേശത്തുള്ള സ്വത്തുവകകളെ സംബന്ധിച്ചുള്ള തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും ഇഡിയുടെ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.
Post Your Comments