തിരുവനന്തപുരം: തന്റെ ഭാര്യ ആശ ഷാജിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായെന്ന് കെ.എം.ഷാജി. കേന്ദ്ര ഏജൻസികളെ കൂട്ടുപിടിച്ച് സി.പി.ഐ.എം. നടത്തുന്നത് വേട്ടയാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സ്വത്ത് കണ്ടെത്താൻ ശ്രമം നടത്തിയവർ നിരാശരാകേണ്ടി വരുമെന്നും കെ.എം.ഷാജി കൂട്ടിച്ചേർത്തു.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഇ.ഡിയാണ് അഴീക്കോട് മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ കെ.എം.ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ സ്വത്തുകൾ കണ്ടുകെട്ടിയത്. 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്താണ് കണ്ടുകെട്ടിയത്. നിയമസഭാംഗമായിരിക്കേ 2014ൽ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ.എം.ഷാജി 25 ലക്ഷം രൂപ മാനേജ്‌മെന്റിൽ നിന്ന് കോഴ വാങ്ങിയെന്നായിരുന്നു പരാതി.
സ്‌കൂളിന്റെ വരവ് ചെലവ് കണക്കുകളും സാക്ഷി മൊഴികളും പരിശോധിച്ചുകൊണ്ടു നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, ആരോപണത്തിൽ കഴമ്പുണ്ടെന്ന് നേരത്തേ വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇ.ഡി അന്വേഷണം ആരംഭിച്ചതും സ്വത്ത് കണ്ടുകെട്ടുന്ന നടപടിയിലേക്ക് കടന്നതും.
നേരത്തേ, കെ.എം. ഷാജിയെയും ഭാര്യയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പല തവണ ചോദ്യം ചെയ്തിരുന്നു. രണ്ട് മാസം മുമ്പ് ഷാജിയുടെ ഭാര്യയെ 11 മണിക്കൂറോളം ചോദ്യം ചെയ്യുന്ന സാഹചര്യവുമുണ്ടായിരുന്നു.
Post Your Comments