തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഈ മാസം 28ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് സിഐടിയു. ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്. കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന് മുന്നിലും, എല്ലാ യൂണിറ്റുകള്‍ക്ക് മുന്നിലും വ്യാഴാഴ്ച മുതല്‍ സത്യാഗ്രഹം ആരംഭിക്കുമെന്ന് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കാമെന്ന കരാര്‍ മാനേജ്‌മെന്റ് പാലിച്ചില്ലെന്ന് സിഐടിയു നേതാക്കള്‍ ചൂണ്ടിക്കാട്ടി. ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എഐടിയുസിയും അനിശ്ചിതകാല സമരത്തിലേക്കു നീങ്ങുകയാണ്.
വിഷുവിനു മുന്‍പ് ശമ്പളം വിതരണം ചെയ്തില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരണമടക്കമുള്ള നടപടികളിലേക്കു പോകുമെന്നാണു സംഘടനയുടെ മുന്നറിയിപ്പ്. എന്നാല്‍, കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി ജീവനക്കാര്‍ മനസിലാക്കണമെന്നും സമരം നടത്തിയാല്‍ പൈസ വരില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
എംപാനല്‍ വ്യവസ്ഥയില്‍ ജോലി ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്നും സിഐടിയു നേതൃത്വം ആവശ്യപ്പെട്ടു. 6500 എംപാനല്‍ ജീവനക്കാരെ ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിരിച്ചു വിട്ടിരുന്നു. എംപാനല്‍കാരെ എടുക്കാന്‍ പാടില്ലെന്നും, പിഎസ്സി വഴി നിയമിച്ചവരെ മാത്രമേ എടുക്കാവൂ എന്നുമാണ് കോടതി നിര്‍ദ്ദേശിച്ചത്.
Post Your Comments