Sabarimala temple to open today
പത്തനംതിട്ട: വിഷു പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. 15-ാം തിയതി പുലർച്ചെയാണ് വിഷുക്കണി ദർശനം. ആദ്യം അയ്യപ്പനെ കണികാണിക്കും. പിന്നീട് 7 മണി വരെ തീർത്ഥാടകർക്ക് വിഷുക്കണി ദർശിക്കാം. ഈ സമയം തന്ത്രിയും മേൽശാന്തിയും ചേർന്ന് വിഷുക്കൈ നീട്ടം നൽകും.
നാളെ മുതലാണ് തീർത്ഥാടകരെ മല ചവിട്ടാൻ അനുവദിക്കുക. തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണമില്ല. വെർച്വൽ ക്യൂ നിലവിൽ ഒഴിവാക്കിയിട്ടില്ല. നിലയ്ക്കലിൽ സ്ലോട്ട് ബുക്കിങ് ഉണ്ട്. മല കയറാൻ എത്തുന്നവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ, 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടിപി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റോ കരുതണമെന്നാണ് നിർദ്ദേശം.
തിരിച്ചറിയൽ രേഖയായി ആധാർ കാർഡ്, വോട്ടർ ഐഡി, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലുമൊന്ന് കയ്യിലുണ്ടാകുകയും വേണം. പൂജകൾ പൂർത്തിയാക്കി 18ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.
അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതുക്കി നിശ്ചയിച്ച വഴിപാട് നിരക്കുകളും നിലവിൽ വന്നു. വഴിപാട് പ്രസാദങ്ങളായ അപ്പം, അരവണ എന്നിവയ്ക്ക് 10 മുതൽ 20 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്.
Post Your Comments