കണ്ണൂർ: മുൻ വനിതാ കമ്മീഷൻ അധ്യക്ഷയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എം.സി ജോസഫൈൻ്റെ മരണത്തിൽ അനുശോചനം അറിയിച്ച് എഴുത്തുകാരി സാറാ ജോസഫ്. ജോസഫൈന്റെ വേർപാട് അപ്രതീക്ഷിതമായിരുന്നുവെന്ന് സാറാ ജോസഫ് ഫേസ്‌ബുക്കിൽ കുറിക്കുന്നു. ജോസഫൈനുമായുള്ള ബന്ധവും അടുപ്പവും സാറാ ജോസഫിന്റെ എഴുത്തിൽ വ്യക്തമാണ്. ജോസഫൈന്റെ മരണം തന്നെ വേദനിപ്പിക്കുന്നുവെന്ന് എഴുത്തുകാരി കുറിച്ചു.
‘മാനുഷിക്കാലത്ത് ഒരുപാട് തർക്കങ്ങൾ, സംവാദങ്ങൾ ഞങ്ങൾ തമ്മിലുണ്ടായിട്ടുണ്ട്. സ്ത്രീകൾക്ക് തനതായ പ്രശ്നങ്ങളുണ്ടെന്നും ക്ലാസ് പ്രശ്നം പരിഹരിക്കുന്നതിലൂടെ യാന്ത്രികമായി പരിഹരിക്കപ്പെടുന്നതല്ല, ലിംഗനീതിയുടെ പ്രശ്നമെന്നുമുള്ള പ്രാഥമിക പാഠങ്ങളെച്ചൊല്ലിയായിരുന്നു അത്. 80 കളുടെ ഉത്തരാർദ്ധത്തിൽ സ്ത്രീകൾക്ക് മാത്രമായി ഒരു പ്രശ്നങ്ങളുമില്ലെന്ന് ജോസഫൈൻ തർക്കിച്ചു കൊണ്ടിരുന്നു. ഒരുതരം നിഷ്ക്കളങ്കത ജോസഫൈന്റെ വാദങ്ങളിൽ ഉണ്ടായിരുന്നു. പഠിച്ച പാഠങ്ങൾ മാത്രം ഉരുവിടുന്ന സ്കൂൾകുട്ടിയെ പോലെ. ജോസഫൈന്റെ മരണം എന്നെ വേദനിപ്പിക്കുന്നു’, സാറാ ജോസഫ് എഴുതി.
അതേസമയം, ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച എം.സി ജോസഫൈന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിന് കൈമാറും. ജോസഫൈൻ്റെ ആഗ്രഹപ്രകാരമാണിത്. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയായിരുന്നു ജോസഫൈൻ്റെ അന്ത്യം. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ജോസഫൈന് ഒമ്പതാം തീയതിയാണ് ഹൃദയാഘാതമുണ്ടായത്. വൈകുന്നേരം സമ്മേളന വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആരോഗ്യനില വഷളായതോടെ ഉടനെ കണ്ണൂരിലെ എ.കെ.ജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെൻ്റിലേറ്ററിലായിരുന്നു.
Post Your Comments