കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ വിധിക്ക് പിന്നാലെ പ്രതികളെ പിന്തുണച്ച് സി.പി.എം നേതാക്കൾ രംഗത്ത് വന്നിരുന്നു. ശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സങ്കടങ്ങള്‍ എണ്ണിപ്പറഞ്ഞ പ്രതികളെ പരിഹസിച്ച് എഴുത്തുകാരി സാറാ ജോസഫ് രംഗത്ത്. വീട്ടില്‍ അമ്മയും ഭാര്യയും കുട്ടികളുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ശിക്ഷ ഇളവിന് അപേക്ഷിച്ചത്. ടി.പിയെ കൊല്ലുമ്പോൾ അദ്ദേഹത്തിനും അമ്മയും ഭാര്യയും കുഞ്ഞുമകനുമുണ്ടായിരുന്നുവെന്നും സാറാ ജോസഫ് തുറന്നടിച്ചു.
ടിപി ചന്ദ്രശേഖരന്റെ കൊലപാതക കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല. കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ഹൈക്കോടതി വിധിച്ചു. വിചാരണക്കോടതി വിധിച്ച ഇവരുടെ ജീവപര്യന്തം ശിക്ഷാകാലയളവ് ഉയര്‍ത്തിക്കൊണ്ടാണ് ഹൈക്കോടതി വിധി. ആറാം പ്രതിക്ക് ജീവപര്യന്തം തടവിനൊപ്പം ആറു മാസം കൂടി തടവിനും ഹൈക്കോടതി ശിക്ഷിച്ചിട്ടുണ്ട്. ഏഴു വരെയുള്ള പ്രതികള്‍ക്ക് അടുത്ത 20 വര്‍ഷത്തേക്ക് പരോള്‍ നല്‍കരുതെന്നും ഹൈക്കോടതി വിധിച്ചിട്ടുണ്ട്.
‘ടി.പി.വധക്കേസിൽ ശിക്ഷ കുറയ്ക്കാൻ കാരണങ്ങളുണ്ടോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് പ്രതികൾ നല്കിയ മറുപടികൾ അമ്മയും ഭാര്യയും കുട്ടികളുമുണ്ട്,അവരെ സംരക്ഷിയ്ക്കാൻ ആരുമില്ല എന്നൊക്കെയാണെന്നറിയുന്നു. ടി.പിയെ കൊല്ലുമ്പോൾ അദ്ദേഹത്തിനും അമ്മയുണ്ടായിരുന്നു, ഭാര്യയുണ്ടായിരുന്നു, ഒരു കുഞ്ഞുമകനുണ്ടായിരുന്നു. ആ വീടിന്റെ നട്ടെല്ലായിരുന്നു, ആ മനുഷ്യൻ.
ടി.പി.യെ കൊന്നതിൽ പശ്ചാത്തപിക്കുന്നുണ്ടോ എന്ന ചോദ്യം ചോദിച്ചാൽ പ്രതികൾ ഇപ്പോൾ എന്തായിരിക്കും പറയുക? ഉവ്വ് എന്നോ ഇല്ല എന്നോ?അതോ ഞങ്ങൾ ഞങ്ങൾക്കവേണ്ടി ചെയ്തതല്ല എന്ന് പറയുമോ?നിങ്ങളുമായിട്ട് ടി.പിക്ക് ആശയപരമായ വൈരുദ്ധ്യം ഉണ്ടായിരുന്നു എന്നു പറയുമോ? പ്രായമായ അമ്മയെ പരിചരിക്കണമെന്ന് നിങ്ങൾ പറയുന്നത് മനസ്സിലാവുമെന്നും നിങ്ങൾക്ക് സ്വാഭാവികമായും ആവാദം ഉന്നയിക്കാമെന്നും ഏറ്റവും സമചിത്തതയോടെ പറഞ്ഞ രമ കടന്നുവന്നകനൽവഴികൾ കേരളം മറക്കില്ല’, സാറാ ജോസഫ് വ്യക്തമാക്കി.
അതേസമയം, ഒന്നാംപ്രതി എംസി അനൂപ് കോടതിയെ അറിയിച്ചത് ഭാര്യയും രണ്ട് കുട്ടികളും മാത്രമാണെന്നും വീട്ടില്‍ മറ്റാരുമില്ലെന്നുമായിരുന്നു. കേസില്‍ നിരപരാധിയാണെന്നും വീട്ടില്‍ 80 വയസായ അമ്മ മാത്രമാണെന്നുമാണ് കിര്‍മാണി മനോജ് പറഞ്ഞു. കസ്റ്റഡിയില്‍ പൊലീസ് ചെവി അടിച്ചുപൊട്ടിച്ചതായും നട്ടെല്ലിന് ക്ഷതമുണ്ടെന്നും വാദിച്ച ടികെ രാജേഷ് രോഗിയായ അമ്മയെ സംരക്ഷിക്കണമെന്നും കോടതിയെ അറിയിച്ചു. കേസില്‍ നിരപരാധിയാണെന്നും പ്രായമായ മാതാപിതാക്കളുണ്ടെന്നും കോടതിയെ അറിയിച്ച കെകെ മുഹമ്മദ് ഷാഫി പുറത്തിറങ്ങി ജോലിയെടുത്ത് കുടുംബത്തോടൊപ്പം ജീവിക്കണമെന്നും കോടതിയെ അറിയിച്ചു.
കെ ഷിനോജ് കോടതിയില്‍ ബോധിപ്പിച്ചത് നിരപരാധിയാണെന്നും പക്ഷാഘാതം വന്ന അമ്മ മാത്രമേ വീട്ടിലുള്ളൂവെന്നുമായിരുന്നു. വൃദ്ധ ജനങ്ങള്‍ക്കായി പാലിയേറ്റീവ് സെന്റര്‍ എന്ന സംരംഭം ആരംഭിച്ചിട്ടുണ്ടെന്നായിരുന്നു കെസി രാമചന്ദ്രന്റെ വാദം. കൂടാതെ ബൈപ്പാസ് സര്‍ജറി നടത്തിയിട്ടുണ്ടെന്നും പൊലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ലിന് പരിക്കുണ്ടെന്നും കോടതിയെ അറിയിച്ചു. വലത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായും ഇടത് കണ്ണിന്റെ കാഴ്ച കുറഞ്ഞെന്നുമാണ് ട്രൗസര്‍ മനോജ് കോടതിയെ അറിയിച്ചത്. ശിക്ഷയില്‍ ഇളവ് ആവശ്യപ്പെടാന്‍ കാരണം ചോദിക്കുമ്പോഴായിരുന്നു പ്രതികള്‍ കോടതിയെ സങ്കടം ബോധിപ്പിച്ചത്. കേസുമായി തനിക്ക് ബന്ധമില്ലെന്നും വീട്ടില്‍ പ്രായമായ അമ്മ മാത്രമാണെന്നുമായിരുന്നു കൊടി സുനിയുടെ വാദം.
Post Your Comments