ആലപ്പുഴ: പാകിസ്ഥാന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് അവിശ്വാസ പ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രി അധികാരത്തിൽ നിന്ന് പുറത്തേക്ക് പോകുന്നത്. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ലോക കിരീടം നേടി കൊടുത്ത ഇമ്രാൻ ഖാൻ, ഒരുകാലത്ത് പാകിസ്ഥാന്റെ ഇതിഹാസ നായകനായിരുന്നു. നീണ്ട നാളത്തെ പ്രതിസന്ധികൾക്കും 14 മണിക്കൂർ നീണ്ട രാഷ്ട്രീയ നാടകത്തിനുമൊടുവിൽ, അവസാന പന്തിൽ ഇമ്രാൻ ഔട്ടാവുകയായിരുന്നു. 174 വോട്ടുകളാണ് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്. ഇമ്രാൻ ഖാൻ പുറത്തായ സാഹചര്യത്തിൽ, മുൻപ് പല സന്ദർഭങ്ങളിലായി ഇമ്രാൻ ഖാനെ പുകഴ്ത്തിയ മലയാളികളെ ട്രോളി ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്ത്. മോദിയെയും ആർ.എസ്.എസിനെയും തെറി പറയാൻ തങ്ങൾക്ക് അയല്പക്കത്തുണ്ടായിരുന്ന കൂട്ടുകാരനെയാണ് നഷ്ടപ്പെട്ടതെന്ന് പരിഹസിച്ച സന്ദീപ് വാര്യർ, കേരളത്തിന് ലഭിക്കാതെ പോയ പ്രധാനമന്ത്രിക്ക് നൂറു ചുവപ്പൻ നീല സലാം നൽകുകയാണ്.
സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
എന്നാലും ഞങ്ങടെ ഇമ്രാനിക്കക്ക് ഈ ഗതി വന്നല്ലോ . ഈ ഒരു ട്വീറ്റ് ചെയ്തതിന്റെ പേരിൽ ഞങ്ങൾ മലയാളികൾ കുറെ പേർ ഇമ്രാനിക്ക ഞങ്ങടെ പ്രധാനമന്ത്രി ആയാ മത്യെരുന്ന് എന്ന് വരെ പ്രചാരണം നടത്തിയതാ. പക്ഷെ പോണ പോക്കിന് മുമ്പ് ഇമ്രാനിക്ക ചെയ്തത് വല്ലാത്ത ചെയ്ത്തായിപ്പോയി. ഇന്ത്യൻ ഗവണ്മെന്റ് സാമ്രജ്യത്വ ശക്തികളുടെ തിട്ടൂരങ്ങൾക്ക് മുന്നിൽ ഭയക്കാതെ സ്വന്തം പൗരന്മാരുടെ ഗുണം ലക്ഷ്യമാക്കി സധൈര്യം തീരുമാനമെടുക്കുന്നു എന്നും ഉപരോധത്തിന് പുല്ലു വില കൊടുത്ത് റഷ്യയിൽ നിന്ന് ഇന്ത്യ ഓയിൽ വാങ്ങുന്നു എന്നും ഇമ്രാനിക്ക പറയേണ്ടിയിരുന്നില്ല. അത് ലെഫ്റ്റ് ലിബറലുകളുടെയും ഖാൻ മാർക്കറ്റ് ഗ്യാങ്ങിന്റെയും നറേറ്റീവുകളെ റദ്ദ് ചെയ്യുന്നതായിപ്പോയി എന്ന പരാതി ഞങ്ങൾക്കുണ്ട്. ഇതിനു മുമ്പ് അഭിനന്ദനെ മോദിയുടെ ഭീഷണിയുടെ മുന്നിൽ പേടിച്ച് നിങ്ങൾ വിട്ടു കൊടുത്തതും ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. ഇന്ത്യൻ പൈലറ്റിനെ ചുണയുണ്ടെങ്കിൽ മോചിപ്പിക്കടാ മോദി എന്ന് പ്രചാരണം നടത്താനുള്ള ഞങ്ങളുടെ അവസരമാണ് നിങ്ങളുടെ ഭയം നഷ്ടപ്പെടുത്തിയത്. എന്നാലും ഞങ്ങൾക്ക് സങ്കടായി. മോദിയെയും ആർഎസ്എസിനെയും തെറി പറയാൻ ഞങ്ങൾക്ക് അയല്പക്കത്തുണ്ടായിരുന്ന കൂട്ടുകാരനെയാണ് നഷ്ടപ്പെട്ടത്. കേരളത്തിന് ലഭിക്കാതെ പോയ പ്രധാനമന്ത്രിക്ക് , ഞങ്ങടെ ഇമ്രാനിക്കക്ക് നൂറു ചുവപ്പൻ നീല സലാം.
Post Your Comments