കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് തന്റെ നിലപാടില്‍ നിന്ന് മാറ്റമില്ലെന്ന് തെളിയിച്ചു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അദ്ദേഹം കണ്ണൂരിലെത്തി. കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ തോമസിനെ എം വി ജയരാജന്‍ ഉള്‍പ്പെടെയുള്ള സി പി എം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നാണ് സ്വീകരിച്ചത്.
ചുവന്ന ഷാള്‍ പുതപ്പിച്ചായിരുന്നു സ്വീകരണം. ചുവന്ന ഷാള്‍ ഏറ്റുവാങ്ങിയതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടിയിലേക്കല്ല പാര്‍ട്ടി കോണ്‍ഗ്രസിലേക്കാണ് താന്‍ വന്നതെന്നായിരുന്നു തോമസിന്റെ മറുപടി.
‘നിറമേതായാലും ഷാള്‍ ആണ് അണിയിച്ചത്. വീട്ടില്‍ താമര നട്ടപ്പോള്‍ ബിജെപിയിലേയ്ക്ക് പോകുന്നു എന്ന പ്രചരണം നടന്നു. സുഹൃത്തെന്ന നിലയിലാണ് എം.വി.ജയരാജന്‍ ഷാള്‍ അണിയിച്ചത്. പറയാനുള്ളത് സെമിനാറില്‍ പറയും’, കെ.വി തോമസ് വ്യക്തമാക്കി.
അതേസമയം, സെമിനാറില്‍ പങ്കെടുത്താല്‍ കെ.വി തോമസിനെതിരെ നടപടിയുണ്ടായേക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. നേതൃത്വത്തെ വെല്ലുവിളിച്ച മുന്‍ കേന്ദ്രമന്ത്രിക്കെതിരെ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അറിയിച്ചിരുന്നു.
Post Your Comments