തിരുവനന്തപുരം: മണ്ണെണ്ണയുടെ കാര്യത്തിൽ കേന്ദ്രത്തില്‍ നിന്ന് അനുകൂലമായ നിലപാടില്ലെങ്കിൽ അടുത്ത നടപടി ആലോചിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. കേരളത്തിനുള്ള സബ്‌സിഡി മണ്ണെണ്ണ വിഹിതം കേന്ദ്രം ഓരോ മാസവും കുറച്ച് കൊണ്ടുവരികയാണെന്നും, ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
‘കേന്ദ്രത്തില്‍ നിന്നുള്ള സബ്സിഡിയുള്ള മണ്ണെണ്ണ വിഹിതം 40 മുതല്‍ 60 ശതമാനം വരെ കുറഞ്ഞു. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയിരിക്കുകയാണ്.
മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലേക്ക് പോകുന്ന സ്ഥിതിയാണ് മണ്ണെണ്ണ വിഹിതത്തിലെ കുറവ് മൂലമുണ്ടാകുന്നത്’, മന്ത്രി വ്യക്തമാക്കി.
‘കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വിമര്‍ശനം അടിസ്ഥാനരഹിതമാണ്. മണ്ണെണ്ണ കേരളത്തില്‍ കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. കേരളത്തിനുള്ള മണ്ണണ്ണ സബ്സിഡി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് അനുകൂലമായ നിലപാടില്ലെങ്കില്‍ അടുത്ത നടപടി ആലോചിക്കും’, അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments