വർക്കല: സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിക്കെതിരെ ശിവസേന. കെ റെയിൽ കേരളത്തിന് അനാവശ്യമായ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് ശിവസേനയുടെ സംസ്ഥാന രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പെരിങ്ങമ്മല അജി പറഞ്ഞു. മാസ്സ് ഹോട്ടലിൽ വച്ച് നടന്ന, ശിവസേനയുടെ വർക്കല നിയോജക മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read:ടെന്‍ഷനെ അതിജീവിക്കാൻ
കെ റെയിൽ സാമ്പത്തിക ബാധ്യത വരുത്തി വെയ്ക്കുമെന്നും, അല്ലാതെ മറ്റ് ഗുണങ്ങളൊന്നും ഈ പദ്ധതി കൊണ്ട് ഉണ്ടാകില്ലെന്നും പെരിങ്ങമ്മല അജി പറഞ്ഞു. ദീർഘവീക്ഷണത്തോടെ കൂടി കാര്യങ്ങളെ നോക്കി കാണണമെന്നും കെ റെയിലിന് പകരം, ഇപ്പോഴുള്ള റോഡുകളെ ആറുവരി പാതകൾ ആക്കിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനത്തിന്റെ ഉത്തമ ഉദാഹരണമായി 6 വരി പാതയെ കാണാമെന്നും, ഇതുവഴി, ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ സാധിക്കുമെന്നും പെരിങ്ങമ്മല ചൂണ്ടിക്കാട്ടി.
രാജ്യത്തെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന ഡീസൽ, പെട്രോൾ, പാചകവാതക വില വർദ്ധനവിനെതിരെ ജനകീയ പ്രക്ഷോഭങ്ങൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെള്ളാർ സന്തോഷ്, അനിൽ പുഞ്ചിരി, ബാജി ഗോവിന്ദ്, വിജയൻ നായർ, ഷാജി വാമദേവൻ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.
അതേസമയം, കെ റെയിലിനെതിരായ ജനകീയ പ്രക്ഷോഭങ്ങൾ സംസ്ഥാനത്ത് തുടരുകയാണ്. പ്രതിഷേധ സ്വരങ്ങൾ ഉയരുമ്പോഴും, കെ റെയിൽ സർവേ തുടരുമെന്നാണ് റവന്യൂ മന്ത്രി കെ. രാജന്‍ ആവർത്തിക്കുന്നത്. സാമൂഹ്യ ആഘാത പഠനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതാണെന്നും, ഏതെങ്കിലും എജൻസികൾക്ക് സമയം കൂടുതൽ വേണമെങ്കിൽ അത് അനുവദിച്ചു കൊടുക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments