Kerala

കാണാമറയത്തെ എഴുത്തുകാരനെക്കാണാൻ ഒത്തുകൂടി ഒരുകൂട്ടം അപരിചിതർ: പെരിയാറിന്റെ തീരത്ത്’പരിഭവങ്ങളില്ലാതെ’ നടന്ന സംഗമം

ആലുവ: ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഒരു സംഘം അപരിചിതർ അവരുടെ പ്രിയപ്പെട്ട എഴുത്തുകാരനെ കാണാൻ ആലുവാപ്പുഴയുടെ തീരത്ത് ഒത്തുകൂടുക. അതും, ഒന്നും രണ്ടുമല്ല, നൂറിലധികം പേർ വൈ.എം.സി.എ ക്യാമ്പ് സെന്ററിൽ അക്ഷരങ്ങളുടെ ബലത്തിൽ സൗഹൃദസംഗമം നടത്തുക.

കേൾക്കുമ്പോൾ അവിശ്വസനീയം എന്ന് തോന്നുമെങ്കിലും, സംഭവം സത്യമാണ്.
യുഎസ് മുതൽ, മധ്യപൗരസ്ത്യ, യൂറോപ്യൻ രാഷ്ട്രങ്ങളിൽ നിന്നടക്കം ആരാധകർ അവരുടെ പ്രിയപ്പെട്ട അജിത്തേട്ടനെ കാണാനെത്തി. അദ്ദേഹം പുസ്തകരൂപത്തിലാക്കിയ കുറിപ്പുകൾ അവർ ഒരുമിച്ച് പ്രകാശനം ചെയ്തു.

പാലക്കാട് ജില്ലയിലെ കോങ്ങാട് സ്വദേശിയായ അജിത് കുമാർ സാമൂഹിക മാധ്യമങ്ങളിലെ കുറിപ്പുകളിലൂടെ പ്രശസ്തനാണ്. തന്റെ സ്വന്തം ജീവിതാനുഭവങ്ങൾ പരിഭവങ്ങളില്ലാതെ എന്ന തലക്കെട്ടോടു കൂടി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിട്ടത് ചുമ്മാ ഒരു രസത്തിനാണ്. എന്നാൽ, വിയർപ്പിന്റെയും കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും മണമുള്ള ജീവിതഗന്ധിയായ ആ ലേഖനങ്ങൾ വായിച്ചവരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു.
കാരണം, അതിലെ ഏതെങ്കിലുമൊരു ഏടിലെ കഥാസന്ദർഭങ്ങൾ ഒരു വട്ടമെങ്കിലും അവരുടെ ജീവിതത്തിലും സംഭവിച്ചിരുന്നു.

‘പരിഭവങ്ങളില്ലാതെ’ എന്ന തലക്കെട്ടായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പുകൾക്ക്. അതേ പേരിൽ തന്നെ, എഴുത്തുകളെ സ്നേഹിച്ച ചിലർ മുൻകൈയെടുത്ത് അദ്ദേഹത്തിന്റെ വീട്ടിൽ 2020-ൽ ഒത്തുകൂടി. ‘പൈതൃകം’ എന്ന ഗൃഹാതുരത്വമുണർത്തുന്ന ആ വീട്ടിൽ എത്തിച്ചേർന്നവരെല്ലാം പരസ്പരം അപരിചിതരായിരുന്നു. അവർക്കെല്ലാം ആകെ അറിയുന്നത് ‘അജിത്തേട്ടൻ’ എന്ന ആ മനുഷ്യനെ മാത്രമായിരുന്നു. കഥകളും പാട്ടുകളും ഓർമ്മകളും തൂശനിലയിട്ട് സദ്യയും വിളമ്പി അദ്ദേഹവും കുടുംബവും അവരെ സ്വീകരിച്ചു.

പിന്നീട്, വർഷത്തിൽ ഒരു ദിവസം ആ ഒത്തുകൂടൽ ഒരു പതിവായി. ഇക്കഴിഞ്ഞ ഞായറാഴ്ച, മാർച്ച് 27ന്, സുഹൃത്തുക്കളുടെ നിർബന്ധപ്രകാരം, ലോകത്തിന്റെ നാനാതുറകളിലായി ചെലവഴിച്ച തന്റെ ജീവിതം അദ്ദേഹം കടലാസിലേക്ക് പകർത്തി. ‘പരിഭവങ്ങളില്ലാതെ’ എന്ന് പേരിട്ട ആ ഗ്രന്ഥം വായനക്കാർ എല്ലാവരും ഒരുമിച്ചാണ് പ്രകാശനം ചെയ്തത്. ഡൽഹി അശോക്, നവീൻ രാമേശ്വർ, സുമേഷ് ദേവ് തുടങ്ങി അജിത് കുമാറിന്റെ എണ്ണമറ്റ സുഹൃത്തുക്കളെല്ലാം ഈ സൗഹൃദ സംഗമം വിജയമാക്കാൻ അഹോരാത്രം പ്രവർത്തിച്ചു.

പ്രകാശന ചടങ്ങു സമാപിച്ച് 24 മണിക്കൂറിനുള്ളിൽ, അച്ചടിച്ച 500 കോപ്പികളും വിറ്റുതീർന്നുവെന്നും, വില്പന ആരംഭിക്കും മുമ്പേ, പ്രീ ഓർഡർ പ്രകാരം രണ്ടാം എഡിഷൻ അച്ചടിച്ച് തുടങ്ങിയെന്നും സ്വതസിദ്ധമായ നിഷ്കളങ്കതയോടെ അജിത് കുമാർ പറയുന്നു. ദീർഘകാലം പ്രവാസിയായിരുന്ന അജിത് കുമാർ, പ്രസിദ്ധ സിവിൽ സർവീസ് ഉദ്യോഗസ്ഥനും സർദാർ വല്ലഭായ് പട്ടേലിന്റെ സെക്രട്ടറിയുമായിരുന്ന വി.പി മേനോന്റെ സഹോദര പുത്രനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button