തിരുവനന്തപുരം : എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്റലിജന്‍സ് എഡിജിപി പി വിജയന്‍ രംഗത്ത്. ഇതോടെ ഐപി എസ് തലത്തില്‍ പുതിയ പോര് രൂപപ്പെട്ടു.
എം ആര്‍ അജിത്കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്നാണ് പി വിജയന്റെ പരാതി. തനിക്ക് കരിപ്പൂരിലെ സ്വര്‍ണ കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് അജിത് കുമാര്‍ നല്‍കിയ മൊഴി കള്ളമാണെന്നും കേസ് എടുക്കണമെന്നും വിജയന്‍ ഡിജിപി എസ് ദര്‍വേഷ് സാഹിബിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടതായാണ് വിവരം.
അതേ സമയം സാധാരണ നിലയില്‍ ഡിജിപിക്കുതന്നെ ഇത്തരം പരാതികളില്‍ നടപടിയെടുക്കാമെങ്കിലും ഉന്നത തസ്തികയില്‍ ഇരിക്കുന്ന രണ്ട് മുതിര്‍ന്ന ഓഫീസര്‍മാര്‍ തമ്മിലുള്ള പ്രശ്‌നമായതിനാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിച്ച് ആഭ്യന്തരവകുപ്പിന് പരാതി കൈമാറിയിട്ടുണ്ട്.
നേരത്തെ കോഴിക്കോട് ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയെ മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന യാത്രാ വിവരങ്ങള്‍ ഒരു മാധ്യമത്തിനു ചോര്‍ത്തി നല്‍കിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പി വിജയന്‍ സസ്പെൻഷൻ നടപടി നേരിട്ടത്. എം ആര്‍ അജിത്കുമാറിന്റെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് പി വിജയനെ പിന്നീട് സര്‍വീസില്‍ തിരിച്ചെടുത്തത്.
തുടർന്ന് അദ്ദേഹത്തിന് ഇന്റലിജന്‍സ് എഡിജിപിയായി പ്രമോഷന്‍ നല്‍കി. ഇതിന് ശേഷമാണ് എം ആര്‍ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പി വിജയന് ഇപ്പോൾ രംഗത്തെത്തിയത്.
Post Your Comments