കോഴിക്കോട്: യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനും സുഹൃത്തിനും കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൽപുഴായി കല്ലുരുട്ടി പുല്പറമ്പിൽ പ്രജീഷിനെയാണ് (36) കോടതി ശിക്ഷിച്ചത്.
ഏഴു വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോഴിക്കോട് ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ. അനിൽകുമാർ ആണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി സുഹൃത്ത് കല്ലുരുട്ടി വാപ്പാട്ട് ദിവ്യയെ (33) അഞ്ചു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.
2019 മേയ് 25-ന് ഒന്നാം പ്രതിയുടെ കല്ലുരുട്ടിയിലെ വീട്ടിൽ കിണറ്റിൽ ചാടി ഭാര്യ നീന (28) ആത്മഹത്യ ചെയ്ത കേസിലാണ് വിധി. ഒന്നും രണ്ടും പ്രതികളുമായുള്ള ബന്ധം ചോദ്യം ചെയ്ത വിരോധത്തിൽ ഒന്നാം പ്രതി, ഭാര്യ നീനയെ ശാരീരികമായി ഉപദ്രവിക്കുകയും പ്രതികൾ ചേർന്ന് മാനസികമായി പീഡിപ്പിക്കുകയും മരണത്തിന് പ്രേരിപ്പിക്കുകയും ചെയ്തതിനാൽ നീന ആത്മഹത്യ ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
പിഴസംഖ്യ ഒന്നാം പ്രതിയുടെയും മരിച്ച നീനയുടെയും കുട്ടികൾക്ക് നൽകണം. പിഴസംഖ്യ നൽകിയില്ലെങ്കിൽ ഒരു വർഷം അധിക തടവുകൂടി അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു. മുക്കം പൊലീസ് എടുത്ത കേസിൽ 20 സാക്ഷികളെ വിസ്തരിച്ചു. 30 രേഖകളും രണ്ടു തൊണ്ടി സാധനങ്ങളും ഹാജരാക്കി.
Post Your Comments