ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ സൂപ്പർ താരങ്ങള്‍ക്ക് തിരിച്ചടി. ബാറ്റ്സ്മാൻമാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ റിഷഭ് പന്ത് ആദ്യ പത്തില്‍ നിന്ന് പുറത്തായി. പുതിയ റാങ്കിംഗില്‍ 11-ാം സ്ഥാനത്താണ് റിഷഭ് പന്ത്. ശ്രീലങ്കക്കെതിരെ രണ്ട് അര്‍ധ സെഞ്ചുറി ഉള്‍പ്പെടെ 185 റണ്‍സ് നേടിയെങ്കിലും, പന്ത് ആദ്യ പത്തില്‍ നിന്ന് പുറത്തായി. ഒരു വര്‍ഷത്തിനിടെ ആദ്യമായാണ് പന്ത് ആദ്യ പത്തില്‍ നിന്ന് പുറത്തുപോവുന്നത്.
ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ സ്ഥാനം നിലനിര്‍ത്തിയെങ്കിലും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോഹ്ലിയും ഓരോ സ്ഥാനം താഴേക്കിറങ്ങി. രോഹിത് ഏഴാം സ്ഥാനത്തു നിന്ന് എട്ടാം സ്ഥാനത്തേക്ക് ഇറങ്ങിയപ്പോള്‍ വിരാട് കോഹ്ലി പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ശരാശരി പ്രകടനമാണ് ഇരുവര്‍ക്കും തിരിച്ചടിയായത്.
ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രോഹിത് 90 റണ്‍സും കോഹ്ലി 81 റണ്‍സും മാത്രമാണ് നേടിയത്. അതേസമയം, ഓസ്ട്രേലിയയുടെ ഉസ്മാന്‍ ഖവാജയാണ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ ഒരു താരം. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിന്‍റെ കരുത്തില്‍ ഖവാജ ആദ്യ പത്തില്‍ തിരിച്ചെത്തി. ഖവാജ ബാറ്റിംഗ് റാങ്കിംഗില്‍ ഏഴാം സ്ഥാനത്താണ്.
Read Also:- കുളിക്കുന്നതിന് മുമ്പ് കാൽ പാദം മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!
ബാറ്റിംഗ് റാങ്കിംഗില്‍ ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്ന്‍ ഒന്നാം സ്ഥാനത്തും സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്തും കെയ്ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനത്തും തുടരുന്നു. ജോ റൂട്ട്(4), ബാബര്‍ അസം(5), ദിമുത് കരുണരത്നെ(6), ഉസ്മാന്‍ ഖവാജ(7), രോഹിത് ശര്‍മ(8), ട്രാവിസ് ഹെഡ്(9)വിരാട് കോഹ്ലി(10) എന്നിവരാണ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തിലുള്ളത്.
Post Your Comments