ഡൽഹി: അടുത്തിടെ നടന്ന 5 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നാലും സംസ്ഥാനങ്ങളും ബിജെപിക്ക് അനുകൂലമായതിനാൽ, രാജ്യസഭയിലേക്കുള്ള സീറ്റുകളിൽ ഭൂരിപക്ഷം പിടിക്കാനാണ് ബിജെപിയുടെ ലക്ഷ്യം. അസം (2), ഹിമാചൽ (1), കേരളം (3), നാഗാലാൻഡ് (1), ത്രിപുര (1), പഞ്ചാബ് (5) എന്നിങ്ങനെ 13 സീറ്റുകളിലേക്കായി മാർച്ച് 13നാണ് വോട്ടെടുപ്പ്. 245 അംഗ സഭയിൽ ബിജെപിക്ക് നിലവിൽ 97 അംഗങ്ങളാണുള്ളത്. ആകെയുള്ള 13 സീറ്റുകളിൽ 5 എണ്ണത്തിലാണ് ബിജെപി വിജയം പ്രതീക്ഷിക്കുന്നത്.
വടക്ക് കിഴക്കൻ സംസ്ഥാനമായ അസമിൽ ബിജെപി പബിത്ര മാർഗരിറ്റയെ നോമിനേറ്റ് ചെയ്തതിനാൽ രണ്ട് സീറ്റുകളും എൻഡിഎ നേടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. റിപുൺ ബോറയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. രാജ്യസഭാ എംപിമാരായ റാണി നാര, റിപുൺ ബോറ എന്നിവർ സീറ്റുകൾ ഏപ്രിൽ രണ്ടിന് വിരമിക്കും.
ഇന്ത്യയിലെ പ്രതിപക്ഷമില്ലാത്ത ഏക സംസ്ഥാനമായ നാഗാലാൻഡിൽ എസ് ഫാങ്‌നോൺ കൊന്യാക്കിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. സംസ്ഥാനത്ത് നിന്നും രാജ്യസഭയിലേക്കുള്ള ആദ്യ വനിതയാണ് ഫാങ്‌നോൺ കൊന്യാക്. സംസ്ഥാന ബിജെപി വനിതാ വിഭാഗം മേധാവിയായ കൊന്യാക് മാത്രമാണ് തെരഞ്ഞെടുപ്പിലെ ഏക സ്ഥാനാർത്ഥി. നാഗാലാൻഡിലെ ഏക എംപിയായ നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ കെജി കെനി ഏപ്രിൽ രണ്ടിന് വിരമിക്കും.
68 സീറ്റുകളുള്ള ഹിമാചൽ പ്രദേശ് നിയമസഭയിൽ 43 സീറ്റുകളാണ് ബിജെപിയ്ക്കുള്ളത്. രാജ്യസഭാ നോമിനിയായി മുൻ ഹിമാചൽ പ്രദേശ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ സിക്കന്ദർ കുമാർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ത്രിപുരയിൽ നിന്നുള്ള ഏക രാജ്യസഭാ സീറ്റിലേക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ ഡോ. മണിക് സാഹയെ നാമനിർദ്ദേശം ചെയ്തു. സിപിഎമ്മിന്റെ മുതിർന്ന നേതാവ് ഭാനുലാൽ സാഹയെയാണ് ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കിയാക്കിയത്. നിയമസഭയിൽ 60ൽ 40 സീറ്റുകളുള്ള ബിജെപി ഏക രാജ്യസഭാ സീറ്റ് നേടാനാണ് സാധ്യത. നിലവിലെ എംപിയായ ജർണ ദാസ് ബൈദ്യ ഏപ്രിൽ രണ്ടിന് വിരമിക്കും.
Post Your Comments