ഹിമാചൽ പ്രദേശിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കടുത്ത തീരുമാനവുമായി സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാർ. സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് പാർലമെൻ്ററി സെക്രട്ടറിമാർക്കും കാബിനറ്റ് പദവിയിലുള്ള അംഗങ്ങൾക്കും രണ്ട് മാസത്തേക്ക് ശമ്പളമോ ആനുകൂല്യങ്ങളോ നൽകില്ലെന്നാണ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖുവിൻ്റെ പ്രഖ്യാപനം. മന്ത്രിസഭാ യോഗത്തിൽ ഈ തീരുമാനത്തിന് എല്ലാ അംഗങ്ങളും സമ്മതം അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
ശമ്പളവും ഗതാഗത അലവൻസും ദിവസ ബത്തയും 2 മാസത്തേക്ക് അനുവദിക്കേണ്ടെന്നാണ് തീരുമാനം. ഇതിലൂടെ കുറച്ച് തുക മാത്രമേ ലാഭിക്കാൻ കഴിയൂ എങ്കിലും ഇത് പ്രതീകാത്മകമായ നിലപാടാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എംഎൽഎമാരോടും സംസ്ഥാന സർക്കാരിൻ്റെ ഈ തീരുമാനത്തോട് യോജിക്കാനും ശമ്പളം സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി സർക്കാരിന് നൽകാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവന്നതും സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ വീതം നൽകാനും സൗജന്യ വൈദ്യുതി വിതരണവും അടക്കം തീരുമാനങ്ങളാണ് സംസ്ഥാന സർക്കാരിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. 86589 കോടിയായി സർക്കാരിൻ്റെ സാമ്പത്തിക ബാധ്യത ഉയർന്നു.
അഞ്ച് ലക്ഷം സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ, 1.36 ലക്ഷം വരുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്കായി പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിച്ചത്, എന്നിവ വഴി യഥാക്രമം 800 കോടിയും ആയിരം കോടി രൂപയുമാണ് പ്രതിവർഷം സർക്കാരിന് ഉണ്ടായ അധിക ബാധ്യത. 20639 കോടി രൂപയാണ് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ ശമ്പളത്തിനായി ചെലവാകുന്നത്. സംസ്ഥാനത്തെ ആകെ വരുമാനത്തിൻ്റെ 46.3 ശതമാനവും ശമ്പളവും പെൻഷനും വായ്പാ പലിശയുമായാണ് പോകുന്നത്.
ഒപ്പം രാജീവ് ഗാന്ധി സ്വയം തൊഴിൽ സ്റ്റാർട്ട്അപ്പ് സ്കീം പ്രകാരം 800 കോടി രൂപയാണ് അധിക ചെലവ്. അതേസമയം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് എല്ലാ ഉപഭോക്താക്കൾക്കും നൽകിവന്നിരുന്ന വൈദ്യുതി സബ്‌സിഡി സർക്കാർ പിൻവലിച്ചിരുന്നു. ഇത് ബിപിഎൽ, ഐആർജഡിപി കുടുംബങ്ങൾക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുകയാണ്. 1800 കോടി രൂപയായിരുന്നു വൈദ്യുതി സബ്‌സിഡി വഴി സർക്കാരിനുണ്ടായ അധിക ബാധ്യത.
Post Your Comments