മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകർത്ത് പഞ്ചാബ് കിങ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 206 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഓരോവർ ബാക്കി നിൽക്കെ, പഞ്ചാബ് മറികടന്നു. നവി മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.
43 റണ്‍സ് വീതം നേടിയ ശിഖര്‍ ധവാന്‍, ഭാനുക രജപക്‌സ, എട്ട് പന്തില്‍ 25 റണ്‍സുമായി പുറത്താവാതെ നിന്ന ഒഡെയ്ന്‍ സ്മിത്ത് എന്നിവരാണ് പഞ്ചാബിന്റെ വിജയം എളുപ്പമാക്കിയത്. മായങ്ക് അഗര്‍വാള്‍ (24 പന്തില്‍ 32), ഷാരുഖ് ഖാന്‍ (20 പന്തില്‍ 24) നിര്‍ണായക സംഭാവന നല്‍കി. നേരത്തെ, ഫാഫ് ഡു പ്ലെസിയുടെ (57 പന്തില്‍ 88) ഇന്നിംഗ്‌സാണ് ആര്‍സിബിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
വിരാട് കോഹ്ലിയും (41), ദിനേശ് കാര്‍ത്തിക്കും (14 പന്തില്‍ 32) മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും പുറത്താവാതെ നിന്നു. രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ പഞ്ചാബിന്റെ ഓപ്പണര്‍മാരായെത്തിയ ധവാന്‍- മായങ്ക് സഖ്യം ഒന്നാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മായങ്കിനെ പുറത്താക്കി വാനിന്ദു ഹസരങ്ക ആര്‍സിബിക്ക് വിജയത്തിലേക്കുള്ള പ്രതീക്ഷകൾ നല്‍കി.
മൂന്നാമനായി ക്രീസിലെത്തിയ രജപക്‌സ മികച്ച ഫോമിലായിരുന്നു. താരം ധവാന് മികച്ച പിന്തുണ നല്‍കി. ഇരുവരും 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സ്കോർ ബോർഡിൽ 21 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ പഞ്ചാബിന് രണ്ട് വിക്കറ്റ് കൂടി നഷ്ടമായി. രജപക്‌സയേയും രാജ് ബാവയേയും അടുത്തടുത്ത പന്തുകളില്‍ മുഹമ്മദ് സിറാജ് കൂടാരം കയറ്റി.
Read Also:- അയമോദകത്തിന്റെ ഔഷധ ഗുണങ്ങൾ!
തുടർന്ന്, ക്രീസിലെത്തിയ ലിയാം ലിവിംഗ്സ്റ്റണ്‍ നന്നായി തുടങ്ങിയെങ്കിലും അകാശ് ദീപിന്റെ പന്തില്‍ അനുജ് റാവത്തിന് ക്യാച്ച് നല്‍കി മടങ്ങി. ടീം 14.5 ഓവറില്‍ അഞ്ചിന് 165 എന്ന സ്‌കോറിൽ നിൽക്കെ ക്രീസില്‍ ഒത്തുചേര്‍ന്ന സ്മിത്ത്- ഷാരുഖ് സഖ്യം വിജയം പൂര്‍ത്തിയാക്കി. ഇരുവരും 52 റണ്‍സ് കൂട്ടിചേര്‍ത്തു.
Post Your Comments