ഇസ്ലാമാബാദ്: രാഷ്ട്രീയ അസ്ഥിരതകൾ ദിനംപ്രതി വഷളാകുന്ന പാകിസ്ഥാന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ആശങ്കയുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തക താഹിറ അബ്‌ദുള്ള. മതത്തിന്റെ പേരിലുള്ള അക്രമങ്ങൾ അനുവദിക്കില്ലെന്നും അത് തടയുമെന്നും, ഭരണത്തിലേറും മുന്നേ ഇമ്രാൻ ഖാൻ വാഗ്ദാനം നൽകിയിരുന്നതാണെന്ന് താഹിറ പറഞ്ഞു. എന്നാൽ, പാർലമെന്റിൽ സ്വാധീനമുള്ള മത പാർട്ടികളെയും പാർലമെന്റിന് പുറത്ത് അക്രമാസക്തമായ തീവ്രവാദ ഗ്രൂപ്പുകളെയും നേരിടാൻ ഇമ്രാന്റെ സർക്കാരിന് ഭയമാണെന്നും താഹിറ ആരോപിക്കുന്നു. രാഷ്ട്രീയ ഇച്ഛാശക്തിയുടെയും പ്രതിബദ്ധതയുടെയും അഭാവമാണ് ദൈവനിന്ദ നിയമങ്ങളുടെ ദുരുപയോഗമെന്നും ഇവർ നിരീക്ഷിച്ചു.
Also Read:സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
മതനിന്ദയുടെ പേരിൽ ആളുകളെ ആക്രമിക്കുന്ന ‘കൂട്ടങ്ങളിൽ’ 90 ശതമാനവും 18 നും 30 നും ഇടയിൽ പ്രായമുള്ളവരാണ് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷം, കുറഞ്ഞത് 84 പേരെങ്കിലും ദൈവനിന്ദ, ഖുർആൻ നിന്ദ തുടങ്ങിയ ആരോപണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. കോടതികൾ മുതൽ രോഷാകുലരായ തെരുവ് ജനക്കൂട്ടം വരെ ‘ദൈവത്തെ നിന്ദിച്ചു’ എന്ന് ആരോപിച്ച് ഇവരെ പ്രതിക്കൂട്ടിൽ നിർത്തിയിട്ടുണ്ട്. ലാഹോർ ആസ്ഥാനമായുള്ള ന്യൂനപക്ഷ അവകാശ പ്രവർത്തകരുടെ സംഘടനയായ സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
മതപരമായ അക്രമങ്ങൾ ദിനംപ്രതി വർധിച്ച് വരുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഹിന്ദു ക്ഷേത്രങ്ങളും വിഗ്രഹങ്ങളും നശിപ്പിക്കുന്ന സംഭവങ്ങളും കുറവല്ല. രോഷാകുലരായ ജനക്കൂട്ടം പോലീസ് സ്റ്റേഷനുകൾ അടക്കം കത്തിക്കുന്ന സാഹചര്യമുണ്ടായി. 2021 ഡിസംബറിൽ, ശ്രീലങ്കക്കാരനായ പ്രിയന്ത കുമാരയെ മതനിന്ദ ആരോപിച്ച്, പീഡിപ്പിക്കുകയും കത്തിക്കുകയും ചെയ്തിരുന്നു. സമാനമായ സന്ദർഭങ്ങൾ അടുത്തിടെ പാകിസ്ഥാനിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു.
Post Your Comments