മുംബൈ: ഐപിഎൽ 2022 സീസണിലെ ആദ്യ മത്സരത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകർപ്പൻ ജയം. ആറ് വിക്കറ്റിനാണ് കൊൽക്കത്ത ചെന്നൈയെ പരാജയപ്പെടുത്തിയത്. 132 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത 18.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 44 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ഡ്വെയ്ന്‍ ബ്രാവോ ചെന്നൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു.
തുടക്കത്തിൽ തകർന്നടിഞ്ഞ സിഎസ്കെയെ മുൻ നായകൻ ധോണിയുടെ ബാറ്റിംഗ് മികവിൽ പൊരുതാവുന്ന സ്കോറിലെത്തിച്ചു. ധോണി 38 പന്തില്‍ പുറത്താവാതെ നേടിയ 50 റണ്‍സ് നേടി. റോബിന്‍ ഉത്തപ്പയും (28) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നിലവിലെ ചാമ്പ്യന്മാരെ രണ്ട് വിക്കറ്റ് നേടിയ ഉമേഷ് യാദവും സ്പിന്നര്‍മാരുമാണ് തളച്ചത്. കൊല്‍ക്കത്തയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്.
ഓപ്പണിംഗ് വിക്കറ്റില്‍ രഹാനെ- വെങ്കടേഷ് അയ്യര്‍ സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍, വെങ്കടേഷിനെ പുറത്താക്കി ബ്രാവോ ചെന്നൈക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ, ക്രീസിലെത്തിയ നിതീഷ് റാണയും (21) മോശമല്ലാത്ത പ്രകടനം പുറത്തെടുത്തു. സ്‌കോര്‍ ബോര്‍ഡില്‍ 76 നിൽക്കെയാണ് റാണ മടങ്ങുന്നത്. ബ്രാവോയ്ക്ക് തന്നെയായിരുന്നു വിക്കറ്റ്. വൈകാതെ രഹാനെ സാന്റ്‌നര്‍ക്ക് വിക്കറ്റ് നല്‍കി മടങ്ങി. ആറ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. സാം ബില്ലിംഗ്‌സിന്റെ (22 പന്തില്‍ 25) ഇന്നിംഗ്‌സും കൊല്‍ക്കത്തയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. ശ്രേയസ് അയ്യര്‍ (20), ഷെല്‍ഡണ്‍ ജാക്‌സണ്‍ (3) പുറത്താവാതെ നിന്നു.
Post Your Comments