ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ, അന്താരാഷ്ട്ര വിദഗ്ധർ അടങ്ങുന്ന സംഘത്തെകൊണ്ട് പരിശോധിപ്പിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍. മേല്‍നോട്ട സമിതിയുടെ അനുമതിയോ അറിവോ കൂടാതെയാണ് കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും കേരളം സത്യവാങ്മൂലത്തില്‍ ആരോപിച്ചു. തമിഴ്നാട് സമയം ആവശ്യപ്പെട്ടതിനാല്‍ മുല്ലപ്പെരിയാര്‍ ഹർജികളിലെ അന്തിമവാദം കേള്‍ക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി.
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഹർജികളില്‍ സുപ്രീം കോടതി ഇന്ന് അന്തിമവാദം കേള്‍ക്കാനിരിക്കെയാണ് കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചത്. അണക്കെട്ടിന്‍റെ സുരക്ഷാ പരിശോധിക്കണമെന്നും, പരിശോധനാ സമിതിയില്‍ അന്താരാഷ്ട വിദഗ്ധരെ ഉള്‍പ്പെടുത്തണമെന്നും കേരളം ആവശ്യപ്പെട്ടു. ‘2010-11 കാലത്ത് നടന്ന സുരക്ഷാ പരിശോധനക്ക് ശേഷം കാലാവസ്ഥയില്‍ കാര്യമായ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. അണക്കെട്ട് ഉള്‍പ്പെടുന്ന മേഖലയില്‍ പ്രളയവും ഭൂചലനവും ഉണ്ടായത് സുരക്ഷയെ സാരമായി ബാധിച്ചിട്ടുണ്ട്. അതിനാല്‍ 2018 ലെ അണക്കെട്ട് സുരക്ഷാ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി മുല്ലപ്പെരിയാറിൽ പുനർപരിശോധന നടത്തണം’ കേരളം ആവശ്യപ്പെട്ടു.
അണക്കെട്ടിന്‍റെ സുരക്ഷയെ സംബന്ധിച്ച് കേന്ദ്ര ജല കമ്മീഷന്‍ നല്‍കിയ റിപ്പോർട്ടിനെ സത്യവാങ്മൂലത്തില്‍ കേരളം കുറ്റപ്പെടുത്തി. റിപ്പോര്‍ട്ട് നല്‍കാന്‍ ജല കമ്മീഷന് അധികാരമില്ലെന്നും, മേല്‍നോട്ട സമിതിയുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് സംഘം അണക്കെട്ട് പരിശോധിച്ചതെന്നും കേരളം വിമർശിച്ചു.
Post Your Comments