കണ്ണൂര്‍: സി.പി.ഐ.എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമാകാന്‍ ജയ് ഭീം സിനിമക്ക് കാരണമായ യഥാര്‍ത്ഥ ഹീറോ ജസ്റ്റിസ് കെ. ചന്ദ്രുവും. ചന്ദ്രുവിനോടൊപ്പം സമയം സൗഹൃദം പങ്കിട്ട ചിത്രങ്ങള്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ജസ്റ്റിസ് കെ ചന്ദ്രുവിനോടൊപ്പം കുറച്ച് സമയം സൗഹൃദം പങ്കിട്ടു. മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയായിരുന്ന ജസ്റ്റിസ് ചന്ദ്രുവിൻ്റെ ജീവിതാനുഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ച ‘ജയ് ഭീം’ എന്ന സിനിമയിലെ സഹനത്തിൻ്റേയും പോരാട്ടത്തിൻ്റേയും കഥ രാജ്യമാകെ ശ്രദ്ധിയ്ക്കപ്പെട്ടതാണ്. പ്രിയപ്പെട്ട ജസ്റ്റിസ് തൻ്റെ ഔദ്യോഗിക ജീവിതത്തിൽ വരെ, പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവൽ പ്രശ്നങ്ങളെ വർഗതാൽപ്പര്യത്തോടെ പരിഗണിക്കാൻ ശ്രദ്ധിച്ചു.
പാവപ്പെട്ടവരുടെയും, പിന്നാക്ക വിഭാഗക്കാരുടെയും ജീവിതത്തെ സ്പർശിക്കുന്ന നിരവധി വിധിന്യായങ്ങൾ അദ്ദേഹം പുറപ്പെടുവിച്ചു. ഒരു ജഡ്ജി തന്റെ കരിയറിൽ ശരാശരി 10,000 മുതൽ 20,000 കേസുകൾ വരെ തീർപ്പാക്കുമ്പോൾ, ജസ്റ്റിസ് ചന്ദ്രു അദ്ദേഹം ജഡ്ജിയായിരുന്ന ആറര വർഷത്തിനിടയിൽ 96,000 കേസുകൾക്ക് തീർപ്പുണ്ടാക്കി. സിപിഐ എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി തലശ്ശേരിയിൽ സംഘടിപ്പിച്ച “ജുഡീഷ്യറിയും ഭരണഘടനാ സംരക്ഷണവും” എന്ന സെമിനാറിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ജസ്റ്റിസ് കെ ചന്ദ്രു. ജസ്റ്റിസ് വി ആർ കൃഷ്ണയ്യരെ കുറിച്ച് ജസ്റ്റിസ് ചന്ദ്രു രചിച്ച പുസ്തകം എനിക്ക് സമ്മാനിച്ചാണ് അദ്ദേഹം മടങ്ങിയത്.
Post Your Comments