തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുടെ സർവേ കുറ്റികൾ പലസ്ഥലത്തും സ്ഥാപിക്കുന്നതിനിടെ പ്രതിഷേധം ശക്തമാണ്. നാട്ടുകാരും വിവിധ രാഷ്ട്രീയ പ്രവർത്തകരും പദ്ധതിക്കെതിരെ രംഗത്തുണ്ട്. കോഴിക്കോട്, മലപ്പുറം, കോട്ടയം, എറണാകുളം ജില്ലകളിലാണ് ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. വിവിധയിടങ്ങളില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പി.യുടെയും നേതൃത്വത്തില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിയുകയും ചെയ്തു. പ്രതിഷേധം കനത്തിട്ടും നടപടികളുമായി പോലീസും സർക്കാരും രംഗത്തുണ്ട്. ഇതിനിടെ സർക്കാരിനെതിരെ ട്രോളുമായി ശ്രീജിത്ത് പണിക്കർ രംഗത്തെത്തി.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
കിഴക്കന്മലയിലെ ഏക പരിഷ്കാരിയാണ് കുട്ടിയപ്പൻ. തന്നെയോ താൻ ധരിക്കുന്ന വസ്ത്രത്തിലോ ആരും തൊടുന്നത് കുട്ടിയപ്പന് ഇഷ്ടമല്ല. തന്റെ ഇഷ്ടങ്ങൾ മറ്റുള്ളവർക്ക് ഇഷ്ടമായോ എന്ന് ചോദിച്ചു ശീലമില്ല കുട്ടിയപ്പന്. തന്റെ ഇഷ്ടങ്ങൾ മോളിയ്ക്ക് ഇഷ്ടമാകും എന്നാണ് കുട്ടിയപ്പന്റെ ധാരണ. എന്നാൽ പൊട്ടപ്പരിഷ്കാരം കൊണ്ടുനടക്കുന്ന കുട്ടിയപ്പനെ കോട്ടയത്തെ പൗരപ്രമുഖൻ കുഞ്ഞച്ചൻ വിളിക്കുന്നത് കാട്ടുമാക്കാൻ എന്നാണ്. പാന്റും കാൽസറായിയും ബെൽറ്റും ഒക്കെയിട്ട് ആൾ അടിപൊളി ആണെന്നാണ് മോളിക്കുട്ടിയുടെ അമ്മ ഏലിയാമ്മ പറയുന്നത്.
എന്നാൽ, സെന്റും അടിച്ചു നടക്കുന്നതല്ല പരിഷ്കാരമെന്നാണ് മോളിക്കുട്ടിയുടെ അനിയത്തി സൂസിയുടെ അഭിപ്രായം. കോട്ടയം കുഞ്ഞച്ചനും പറയുന്നത് “ഇത് നമുക്ക് വേണ്ടാ, ഇത് ശരിയാവുകേല” എന്നാണ്. തന്റെ പരിഷ്കാരം കോട്ടയത്തുകാർക്ക് പിടിച്ചില്ലെന്ന് മനസ്സിലാക്കുന്ന കുട്ടിയപ്പൻ അവസാനം ചോദിക്കുന്നത് “നമുക്ക് ഉടക്കിപ്പിരിയണോ, സംസാരിച്ച് ഒതുക്കി തീർത്തൂടേ” എന്നാണ്. കാരണം തന്റെ സ്വപ്നം പൂവണിയണമെന്നത് കുട്ടിയപ്പന്റെ മാത്രം സ്വകാര്യ ആഗ്രഹമാണ്. കഥ കഴിഞ്ഞു, കുട്ടിയപ്പന്റെ.
ഇനി ഒരു പാരലൽ സ്റ്റോറി.
ക്യൂബളത്തിലെ ഏക പരിഷ്കാരിയാണ് കുറ്റിയപ്പൻ. തന്നെയോ താൻ സ്ഥാപിക്കുന്ന കുറ്റിയിലോ ആരും തൊടുന്നത് കുറ്റിയപ്പന് ഇഷ്ടമല്ല. തന്റെ ഇഷ്ടങ്ങൾ മറ്റുള്ളവർക്ക് ഇഷ്ടമായോ എന്ന് ചോദിച്ചു ശീലമില്ല കുറ്റിയപ്പന്. തന്റെ ഇഷ്ടങ്ങൾ മല്യാളിക്ക് ഇഷ്ടമാകും എന്നാണ് കുറ്റിയപ്പന്റെ ധാരണ. എന്നാൽ പൊട്ടപ്പരിഷ്കാരം കൊണ്ടുനടക്കുന്ന കുറ്റിയപ്പനെ കോട്ടയത്തെ പൗരപ്രമുഖർ വിളിക്കുന്നത് കിറ്റുമാക്കാൻ എന്നാണ്. പാന്റും കാൽസറായിയും ബെൽറ്റും ഒക്കെയിട്ട് ആൾ അടിപൊളി ആണെന്നാണ് അടിമകൾ പറയുന്നത്.
എന്നാൽ, കുറ്റിയും നാട്ടി നടക്കുന്നതല്ല പരിഷ്കാരമെന്നാണ് മല്യാളികളുടെ അഭിപ്രായം. കോട്ടയം മാടപ്പള്ളിയിലെ കുഞ്ഞച്ചനും പറയുന്നത് ‘ഈ കുറ്റി നമുക്ക് വേണ്ടാ, ഇത് ശരിയാവുകേല’ എന്നാണ്. തന്റെ പരിഷ്കാരം കോട്ടയത്തുകാർക്ക് പിടിച്ചില്ലെന്ന് മനസ്സിലാക്കുന്ന കുറ്റിയപ്പൻ അവസാനം ചോദിക്കുന്നത് ‘നമുക്ക് ഉടക്കിപ്പിരിയണോ, സംസാരിച്ച് ഒതുക്കി തീർത്തൂടേ’ എന്നാണ്. കാരണം തന്റെ സ്വപ്നം പൂവണിയണമെന്നത് കുറ്റിയപ്പന്റെ മാത്രം സ്വകാര്യ ആഗ്രഹമാണ്. കച്ചോടം കഴിഞ്ഞു, കുറ്റിയപ്പന്റെ.
Post Your Comments