തെലങ്കാന: ഭാര്യ മട്ടൻ കറി വെച്ച് കൊടുത്തില്ലെന്ന് പറഞ്ഞ് 100 ലേക്ക് പരാതി പറയാൻ വിളിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തത് പോലീസ്. തെലങ്കാനയിലെ, ഗൗരരാരം ഗ്രാമത്തിലാണ് സംഭവം. 25 കാരനായ നവീനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കനഗൽ പോലീസ് ആണ് നവീൻ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
മദ്യപിച്ച് ഏറെ രാത്രിയായിട്ടായിരുന്നു നവീൻ വീട്ടിലെത്തിയത്. കടയിൽ നിന്നു വാങ്ങിയ മട്ടനിറച്ചി ഭാര്യയോട് വെയ്ക്കാനാവശ്യപ്പെട്ടു. എന്നാൽ, രാത്രി വളരെ വൈകിയതിനാൽ മട്ടൻ കറി വെയ്ക്കാൻ പറ്റില്ലെന്ന് ഭാര്യ തീർത്ത് പറഞ്ഞു. പ്രകോപിതനായ നവീൻ പൊലീസിനെ വിളിക്കുകയായിരുന്നു. 100 ലേക്കായിരുന്നു നവീൻ വിളിച്ചത്. ‘ഭാര്യ മട്ടൻ കറി വെച്ച് തരുന്നില്ല സാറേ..’ എന്നായിരുന്നു നവീന്റെ പരാതി. ആദ്യം പോലീസ് ഇത് കാര്യമാക്കിയില്ല. എന്നാൽ, തുടർച്ചയായി നിരവധി തവണ നവീൻ 100 ലേക്ക് വിളിച്ച് പരാതി പറഞ്ഞു.
നവീൻ പലതവണ വിളിച്ചതോടെ പൊലീസിന്റെ ക്ഷമ നശിച്ചു. രാത്രി തന്നെ പോലീസ് നവീന്റെ വീട്ടിലെത്തി. എന്നാൽ, വീട്ടിൽ മദ്യപിച്ച് അവശനായ നിലയിലായിരുന്നു നവീൻ. കസ്റ്റഡിയിലെടുക്കാൻ പറ്റിയ സാഹചര്യം അല്ലാതിരുന്നതിനാൽ പോലീസ് മടങ്ങി. പിറ്റേന്ന് രാവിലെയെത്തി നവീനെ കസ്റ്റഡിയിലെടുത്തു. അടിയന്തര സാഹചര്യങ്ങളിൽ പൊലീസിനെ വിളിക്കേണ്ട 100 നമ്പറിൽ അനാവശ്യമായി വിളിച്ച് ദുരുപയോഗം ചെയ്യരുതെന്ന് കനഗൽ എസ്ഐ നാഗേഷ് വ്യക്തമാക്കി. അനാവശ്യ കാര്യത്തിന് പൊലീസിനെ വിളിച്ചതിനാണ് നവീനെതിരെ നടപടിയെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments