ഇടുക്കി: പോലീസിനെ വെട്ടിലാക്കിയ ഇടുക്കിയിലെ മൃതദേഹത്തെ ചൊല്ലിയുള്ള തർക്കത്തിന് ഒടുവിൽ പരിഹാരം. കുഴഞ്ഞ് വീണ മരിച്ച വെള്ളത്തൂവൽ സൗത്ത് കത്തിപ്പാറ ലതാവിലാസം ജയന്റെ(43) മൃതദേഹത്തെ ചൊല്ലിയുള്ള തർക്കത്തിലാണ് പോലീസ് പോലും കുഴങ്ങി പോയത്. ഇയാളുടെ മരണത്തിന് പിന്നാലെ, രണ്ട് ഭാര്യമാരും സഹോദരിമാരും മൃതദേഹം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. ചൊവ്വാഴ്ചയാണ് ജയൻ മരിക്കുന്നത്. രാത്രി 8.45ന് വീടിനടുത്തുള്ള കിണറിൽ നിന്നും വെള്ളം കോരി കുളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്നലെ, മൃതദേഹത്തിന്റെ മൂക്കിൽ നിന്നും രക്തം പുറത്തേയ്ക്കൊഴുകിയതായി കാണപ്പെട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സഹോദരിമാരായ ലതയും രജനിയും മരണത്തിൽ തങ്ങൾക്ക് സംശയം ഉണ്ടെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സർജ്ജന്റെ പോസ്റ്റുമോർട്ടത്തിനായി മൃതദഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഉച്ചയോടെ പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് മൃതദേഹം കൈമാറാൻ പോലീസ് നീക്കം ആരംഭിച്ചപ്പോഴാണ് തർക്കം മൂർച്ഛിച്ചത്.
ജയന് രണ്ടു ഭാര്യമാർ ആയിരുന്നു ഉണ്ടായിരുന്നത്. കൊല്ലം സ്വദേശി സുമയെയും തിരുവനന്തപുരം സ്വദേശി പ്രേമയെയും ജയൻ വിവാഹം കഴിച്ചിരുന്നു. പ്രേമ ഇടക്കാലത്ത് ജയനുമായി അകന്നുകഴിയുകയായിരുന്നു. ഇവർക്ക് ഒരു മകളുണ്ട്. പ്രേമ പിണങ്ങിപ്പോയ അവസരത്തിലാണ് ജയൻ സുമയെ വിവാഹം കഴിക്കുന്നത്. പ്രേമ തിരുവനന്തപുരത്തെ വീട്ടിലാണിപ്പോൾ താമസിച്ചുവന്നിരുന്നത്. മരണവിവരം അറിഞ്ഞ്, പ്രേമ പൊലീസുമായി ബന്ധപ്പെടുകയും മൃതദേഹം തനിക്ക് വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കില്ലെന്നായിരുന്നു സുമയുടെയും ഒപ്പമുള്ളവരുടെയും നിലപാട്.
ഇതിനിടയിൽ, മൃതദേഹം തങ്ങൾക്ക് വിട്ടുകിട്ടണമെന്ന ആവശ്യമായി സഹോദരിമാരും രംഗത്തെത്തി. ഇതാണ് പൊലീസിന് തലവേദനയായത്. ഭാര്യമാരും സഹോദരിമാരുമായി പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാതെ മൃതദേഹം വിട്ടുനൽകില്ലന്ന നിലപാടിലായിരുന്നു പൊലീസ്. പ്രേമ തിരുവനന്തപുരത്തുനിന്നും നിന്നും എത്തി പൊലീസിന് മുമ്പാകെ ആവശ്യം ഉന്നയിച്ചപ്പാൾ സുമയും മറ്റുള്ളവരും എതിർത്തെങ്കിലും കുടുംബത്തിലെ, മുതിർന്നവരുമായി സംസാരിച്ച് ധാരണയിൽ എത്തുകയായിരുന്നു. ഒടുവിൽ, ഇന്നലെ രാത്രി 7 മണിയോടെ പ്രശ്‌നം പരിഹരിച്ച് ആദ്യ ഭാര്യ പ്രേമക്ക് തന്നെ പൊലീസ് മൃതദേഹം വിട്ടു നൽകി.
Post Your Comments