കണ്ണിലുടെ സൗരോര്‍ജം വലിച്ചെടുത്ത് അതുമാത്രം ‘ഭക്ഷിച്ച്’ ജീവിക്കുന്ന അത്ഭുത മനുഷ്യൻ ഹീര ദത്തൻ മനേഖ് അന്തരിച്ച വാർത്ത ആഘോഷമായി അവതരിപ്പിച്ച മാധ്യമങ്ങളെ വിമർശിച്ചു മാധ്യമപ്രവർത്തകൻ എം റിജു. സൂര്യനെ ഭക്ഷിച്ച് ജീവിക്കാൻ സാധിക്കില്ലെന്ന സത്യം അറിയാവുന്ന മാധ്യമങ്ങൾ പോലും ഇത്തരം വാർത്തകൾ കൊടുക്കുന്നതിനെതിരെയാണ് എം റിജുവിന്റെ പോസ്റ്റ്.
പോസ്റ്റ് പൂർണ്ണ രൂപം
സൂര്യനെ ഭക്ഷിച്ച് ജീവിക്കാം; ഇതാ അന്ധ വിശ്വാസത്തിന്റെ അനോഫിലസ് കൊതുകുകളെ അറിയുക!
ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ മാധ്യമത്തിന്റെ കോഴിക്കോട് ബ്യൂറോയില്‍ റിപ്പോര്‍ട്ടറായി ജോലിചെയ്യുന്ന കാലം. കണ്ണിലുടെ സൗരോര്‍ജം വലിച്ചെടുത്ത് അതുമാത്രം ‘ഭക്ഷിച്ച്’ ജീവിക്കുന്ന ഒരു അത്ഭുദ മനുഷ്യന്റെ കഥയായിരുന്നു, അന്ന് ഒരു ഇംഗ്ലീഷ് പത്രത്തില്‍ വന്നത്. അയാള്‍ താമസിച്ചിരുന്നത് കോഴിക്കോട് ബിലാത്തിക്കുളത്തായിരുന്നു. വാര്‍ത്ത വായിച്ചപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞു, ഒന്നാന്തരം ഊഡ്. അങ്ങനെ ഒരാള്‍ക്കും ജീവിക്കാന്‍ കഴിയില്ല. ഇത് അസയന്‍സാണ്. എന്നാലും അയാളെ പലരും ഇന്റവ്യൂ ചെയ്തു. മനസ്സില്ലാ മനസ്സോടെ ഞാനും ഫോട്ടോഗ്രാഫര്‍ രാജന്‍ കാരിമൂലയും കൂടി ഇന്റവ്യൂവിന് പുറപ്പെട്ടു.
ഞാന്‍ ചോദിച്ചു സാര്‍, അങ്ങയുടെ ഈ കണ്ടുപിടുത്തതിന് ശാസ്ത്രീയമായ തെളിവുകള്‍ ഉണ്ടോ.
READ ALSO:ഹിജാബ്: കര്‍ണാടക ഹൈക്കോടതിയുടെ വിധി ആശങ്കാജനകം: ടി.പി അബ്ദുല്ലകോയ മദനി
താപസന്റെ മുഖം മങ്ങി. അതുവരെ അങ്ങേരുടെ വാചകമടി കേട്ടുപോയി എന്നല്ലാതെ ആരും തിരിച്ച് ഒന്നും ചോദിച്ചില്ലായിരുന്നു. അപ്പോള്‍ അദ്ദേഹം പരാസൈക്കോളജിയെ ഒക്കെ പ്രമോട്ട് ചെയ്യുന്ന ഒരു സ്യൂഡോ സയന്‍സ് മാഗസിന്‍ കാണിച്ചു.
ഞാന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. സര്‍ ഇതിന് കടലാസ് വിലപോലും ശാസ്ത്ര സമൂഹത്തിന് ഇല്ല. തുടര്‍ന്ന് എന്താണ് ശാസ്ത്രത്തിന്റെ മെത്തഡോളജി എന്നതിനെകുറിച്ച് ചെറിയ ഒരു ലെക്്ച്ചറും എടുത്തു. ( ആരോടെങ്കിലും ഡിബേറ്റ് ചെയ്തുകൊണ്ടിരിക്കുക എന്നത് എക്കാലത്തെയും എന്റെ ഒരു ഹോബിയാണ്. ബാലിയുടെ കഥപോലെ എതിരാളിയുടെ പകുതി ശക്തിയും അപ്പോള്‍ എനിക്ക് ലഭിക്കും!)
യോഗി ആകെ അസ്വസ്ഥനായി. അയാള്‍ അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ തനിക്ക് കിട്ടിയ സ്വീകരണങ്ങളുടെ ചിത്രം കാട്ടി. സൊ വാട്ട്. അന്ധവിശ്വാസികള്‍ ലോകത്ത് എല്ലായിടത്തുമുണ്ട്. നിര്‍ദയം ഞാന്‍ മറുപടി കൊടുത്തു. സയന്‍സ് എന്നാല്‍ എവിഡന്‍സിന്റെ ഡിക്‌റ്റേറ്റര്‍ഷിപ്പാണു സാര്‍. തലയെണ്ണിയല്ല ഒരു കാര്യം ശാസ്ത്രീയമാണോ എന്ന് തീരുമാനിക്കുന്നത്. ഐ നീഡ് എവിഡന്‍സ്.
താപസന്‍ ദേഷ്യം കൊണ്ട് ജ്വലിച്ചു. അയാള്‍ ഏത് നിമിഷവും ഗെറ്റൗട്ട് അടിക്കുമെന്നും, ഞാനും പ്രതീക്ഷിച്ചു. പക്ഷേ അയാള്‍ ദുര്‍ബലമായ സ്വരത്തില്‍ നിങ്ങള്‍ക്ക് അഭിമുഖം ഇല്ല, എന്ന് പറയുക മാത്രാണ് ചെയ്തത്.
ഞാന്‍ പറഞ്ഞു. സാര്‍, അങ്ങ് കണ്ടെത്തിയ ആ മഹത്തായ കൃത്യം ഒന്ന് ആഫ്രിക്കയിലെ കുട്ടികളെ പഠിപ്പിച്ചിരുന്നെങ്കില്‍ എത്രപേരുടെ പട്ടിണിയും പോഷകാഹാരക്കുറവും മാറുമായിരുന്നു. അദ്ദേഹം എന്നെ ഒരു വിചിത്ര ജീവിയെപ്പോലെ നോക്കി.
ഒന്ന് ഫോണ്‍ചെയ്യാനായി പുറത്തിറങ്ങിയ ഫോട്ടോഗ്രാഫര്‍ രാജന്‍ കാരിമൂല തിരിച്ചുവന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന് നല്ല സുഖമില്ല, പിന്നൊരു ദിവസം അഭിമുഖം ആക്കാം. തിരിച്ചെത്തിയ ഞാന്‍ അന്നത്തെ ബ്യൂറോചീഫ് എന്‍ രാജേഷേട്ടനോട് കയര്‍ത്തു. ഈ ജാതി ഉഡായിപ്പ് പരിപാടികള്‍ എനിക്ക് തരരുത്. അത് ന്യൂസ് എഡിറ്റര്‍ അസൈന്‍ക്ക എന്ന അസൈന്‍ കാരന്തൂര്‍ പറഞ്ഞതാണെന്ന് രാജേഷേട്ടന്‍. ഞാന്‍ അസൈന്‍ക്കയെയും വിളിച്ച് ‘ഫയര്‍’ ചെയ്തു. അന്ന് മാധ്യമത്തില്‍ അങ്ങനെയായിരുന്നു. ആരോടും എന്തും പറയാനുള്ള സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം. ഏത് വാര്‍ത്ത എങ്ങനെ കൊടുക്കണമെന്ന് റിപ്പോര്‍ട്ടര്‍മാര്‍ തീരുമാനിച്ച കാലം. ‘ഞാന്‍ ആ ഇംഗ്ലീഷ് പത്രത്തില്‍ കണ്ട് ഒന്ന് ഫോളോ ചെയ്യാന്‍ പറഞ്ഞതാണ് ചങ്ങായീ, ഇയ്യ് വിട്ടേക്ക്’ എന്ന അസൈന്‍ക്കയും. പാവം അസൈന്‍ക്കയും രാജേഷേട്ടനും രണ്ടുപേരും ഇന്നില്ല.
ഈ വാര്‍ത്തക്ക് കാരണഭൂതനായ വ്യക്തിയും ഇന്നലെ അന്തരിച്ചു. പക്ഷേ അപ്പോള്‍ വന്ന മാധ്യമ വാര്‍ത്തകള്‍ എന്നെ ഞെട്ടിച്ചു. കണ്ണിലൂടെ സൗരോര്‍ജം വലിച്ചെടുത്ത് ജീവിക്കുന്ന അത്ഭുദ മനുഷ്യന്‍! ‘സൂര്യനെ ഭക്ഷണമാക്കിയ താപസന്‍’ എന്നൊക്കെയാണ് തലക്കെട്ടുകള്‍ പോയത്. ഒരു പത്രത്തെയും എടുത്ത് കുറ്റം പറയേണ്ട, ഒരുപോലെ മാതൃഭൂമിയും, മനോരമയും, ഏഷ്യാനെറ്റുമൊക്കെ ഈ വിഷയത്തില്‍ പ്രതികളാണ്.
ഇനി വാര്‍ത്തയിലെ അത്ഭുദങ്ങള്‍ നോക്കുക. ‘ആഹാരമുപേക്ഷിക്കുന്ന ‘ഹീരാ രത്തന്‍ മനേക് പ്രതിഭാസ’ത്തിന്റെ ഉപജ്ഞാതാവാണ് ഇദ്ദേഹം.ദീര്‍ഘനാള്‍ ഖരാഹാരം ഉപേക്ഷിച്ച് ഉപവാസം നടത്തിയാണ് മനേഖ് ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നത്. സൂര്യോപാസനയിലൂടെ ലഭിക്കുന്ന ഊര്‍ജമാണ് ഭക്ഷണമില്ലാതെയും ആരോഗ്യത്തോടെ ജീവിക്കാന്‍ സഹായിക്കുന്നതെന്ന് മനേഖ് അവകാശപ്പെട്ടിരുന്നു.
1992-മുതല്‍ പൂര്‍ണമായും സൂര്യോപാസകനായി. ഉദിച്ച് ഒരുമണിക്കൂറിനുള്ളിലും അസ്തമിക്കുന്നതിന് ഒരുമണിക്കൂര്‍മുമ്പും നഗ്നനേത്രംകൊണ്ട് സൂര്യനെ നോക്കുന്നതാണ് സൂര്യോപാസന. തുടക്കത്തില്‍ കുറച്ചു സെക്കന്‍ഡുകള്‍മാത്രമേ നോക്കാവൂ. ഏഴുമാസംകൊണ്ട് ഇത് അരമണിക്കൂറായി വര്‍ധിപ്പിക്കാം. ഒമ്പതുമാസമാവുമ്പോള്‍ ശരീരം ഊര്‍ജക്കലവറയാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. – ഇങ്ങനെയാണ് അദ്ദേഹത്തെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍.
അന്ധവിശ്വാസത്തിന്റെ അനോഫിലസ് കൊതുകുകള്‍ എന്ന് മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് എനിക്ക് തോനുന്നില്ല. കാരണം കണ്ണിലൂടെ മനുഷ്യന് സൗരോര്‍ജം വലിച്ചെടുക്കാന്‍ കഴിയില്ലെന്ന പ്രാഥമിക ധാരണപോലും ഇവര്‍ക്കില്ല. എന്തിനാണ് ഇവരൊക്കെ പത്താംക്ലാസില്‍ പഠിച്ചത്. ഉപാപചയം എന്ന അധ്യായത്തില്‍ എന്താണ് നാം പഠിച്ചത്.
കണ്ണിലൂടെ സൗരോര്‍ജം വലിച്ചെടുക്കാന്‍ മനുഷ്യന് എന്ന് മാത്രമല്ല ലോകത്തിലെ ഒരു ജീവിക്കും കഴിയില്ല. ദീര്‍ഘനേരം സൂര്യനെ നോക്കിനിന്നാല്‍ കണ്ണ് തകരാറ് ആവുമെന്നല്ലാതെ യാതൊരു ഗുണവുമില്ല. സൂര്യനോക്കിനിന്നാല്‍ വിശപ്പുമാറുമെങ്കില്‍ ഈ ലോകത്ത് പട്ടിയുണ്ടാകുമായിരുന്നോ. കണ്ണിലൂടെ അല്ല ഊര്‍ജ ഉത്പാദനം നടക്കുന്നത്. സൂര്യ രശ്മി ഭക്ഷണവുമല്ല. പ്രകാശസംശ്ലേഷണ സമയത്താണ് സൂര്യപ്രകാശം വേണ്ടത്. ഇതൊക്കെ നാം ചെറിയ ക്ലാസില്‍ നിന്നുതന്നെ പഠിക്കുന്ന കാര്യങ്ങളാണ്. പക്ഷേ ഇപ്പോള്‍ നാം അതെല്ലാം മറക്കുന്നു. നമുക്ക് ഊര്‍ജം കിട്ടണമെങ്കില്‍, നാം ഭക്ഷണം തന്നെ കഴിക്കണം.
മാത്രമല്ല ഖരരൂപത്തിലുള്ള ഭക്ഷണം കഴിക്കാതെ ഇരുപതുവര്‍ഷം ജീവിച്ചുവെന്ന ഹീരാ ദത്തന്‍ മനേഖിന്റെ പ്രസ്താവനയും അതിശയോക്തി കലര്‍ന്നതാണ്. പച്ചവെള്ളവും, ജ്യൂസും കുടിച്ച് ജീവന്‍ നിലനിര്‍ത്താമെങ്കിലും, 20 വര്‍ഷമൊന്നും പിടിച്ചു നില്‍ക്കാന്‍ കഴിയല്ല. അങ്ങനെ വരുമ്പോള്‍ ശരീരഭാരം വല്ലാതെ കുറയും. വര്‍ഷങ്ങള്‍ നീണ്ട ഉപവാസത്തിന്റെ ശാരീരിക അവശതകള്‍, മണിപ്പൂരിലെ പോരാളി ഇറോം ശര്‍മ്മിളക്ക് ഇപ്പോഴും മാറിയിട്ടില്ല. വര്‍ഷങ്ങളായി ഭക്ഷണം ഉപേക്ഷിച്ചവര്‍ക്ക് ശബ്ദം ഉയര്‍ത്തി സംസാരിക്കാന്‍ പോലും കഴിയാതാവും. വായിലെയും നാക്കിലെയും രസമുകളങ്ങളെയെല്ലാം അതുബാധിക്കും. ഇറോ ശര്‍മ്മിള ഈ ഘട്ടത്തിലൂടെയാണ് കടന്നുപോയതത്. അന്നനാളത്തിലും ആമാശയത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാവും. എന്നല്‍ മനേഖിനാവട്ടെ ഇത്തരം അസ്വസ്ഥകള്‍ ഒന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ഇടക്കിടെ ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പാണ്.
മാത്രമല്ല സൂര്യന്റെ ഊര്‍ജം ഭക്ഷിച്ചാണ് ജീവിക്കുന്നത് എന്നതിനെ ചോദ്യം ചെയ്ത ശാസ്ത്രലോകത്തെ പ്രമുഖര്‍ രംഗത്ത് എത്തിയിരുന്നു. ഇത് തെളിയിച്ചാല്‍ ഒരു കോടി ഡോളര്‍ തരാമെന്ന് പറഞ്ഞ്, ജെയിംസ് റാന്‍ഡി ഫൗണ്ടേഷന്‍ വെല്ലുവിളിച്ചെങ്കിലും മനേഖ് തന്ത്രപൂര്‍വം ഒഴിവായി. ഇന്ത്യയിലും പലരും വെല്ലുവിളിച്ചെങ്കിലും മനേഖ് ഒരു ശാസ്ത്രീയ പരീക്ഷണത്തിനും തയ്യാറയിട്ടില്ല.
ഇനി ഇദ്ദേഹം കൈയോടെ പിടിക്കപ്പെട്ടിട്ടുമുണ്ട്. സൗരോര്‍ജം സ്വീകരിച്ച് ജീവിക്കുന്ന താപസന്‍ റസ്‌റ്റോറന്റില്‍നിന്ന് ഭക്ഷണം കഴിച്ച് പിടിക്കപ്പെട്ടപ്പോള്‍ കണ്ടം വഴി ഓടുന്ന വീഡിയോ കമന്റ് ബോക്‌സില്‍.
നബി: ഇന്ന് ഞാന്‍ ഇതുസംബന്ധിച്ച് ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ ഒട്ടുമിക്ക പത്രങ്ങളിലും വിളിച്ചു. വെറുതെ ഒരു സാമൂഹിക പ്രവര്‍ത്തനം എന്ന നിലയില്‍. എന്നെ ഞെട്ടിച്ചുകൊണ്ട് മിക്ക പത്രങ്ങളും തെറ്റ് അഡ്മിറ്റ് ചെയ്തു. മുമ്പും ഞാന്‍ പല പത്രാധിപന്‍മ്മാരോടും ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തുമ്പോള്‍ അവര്‍ അംഗീകരിക്കാറുണ്ടായിരുന്നില്ല. മൂത്രചികിത്സയെക്കുറിച്ച് ഡോ പി.കെ വാര്യര്‍ ഒരു പ്രമുഖ ആരോഗ്യമാസികയില്‍ എഴുതിയ ലേഖനം തെറ്റാണെന്ന് പറഞ്ഞ്, ആ മാസികയുടെ ഓഫീസിലേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിളിച്ചപ്പോള്‍, ‘ഡോ പി.കെ വാര്യരെ തിരുത്താന്‍ താന്‍ ആര്’ എന്ന മറുപടിയായിരുന്നു കിട്ടിയത്. ‘വാര്യരല്ല ഐന്‍സ്റ്റീന്‍ പറഞ്ഞാലും തെറ്റ് തെറ്റാണെന്ന്’ ഞാനും. പൊതുവേ മാധ്യമ പ്രവര്‍ത്തകര്‍ തിരുത്താറില്ല. ഇപ്പോള്‍ അക്കാലം മാറിയിരിക്കുന്നു. പറ്റിയ തെറ്റ് വാക്കുകൊണ്ടെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ തിരുത്തുന്നുണ്ട്.
ഇപ്പോള്‍ ഉളുപ്പില്ലാത്തത് ട്രൂകോപ്പിപോലുള്ള ഓണ്‍ലൈന്‍ മാഗസിനുകള്‍ക്കാണ്. മുമ്പ് ജയദേവന്‍ എന്നയാള്‍ എഴുതിയ ഇന്റ്വലക്ച്ച്വല്‍ പരദൂഷണ ലേഖനത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി ഞാന്‍ 5 കോടിക്ക് വെല്ലുവിളിച്ചിട്ടും ഒരു പ്രതികരണവുമില്ല. തിരുത്തുമില്ല. തിരുത്താനുള്ള മനസ്സുമില്ല. പക്ഷേ പ്രിന്റ്മീഡിയ മാറുന്നുണ്ട്. നല്ല കാര്യം.
പ്രകാശം പരക്കട്ടെ!
എം റിജു
https://www.facebook.com/riju.madhyamam/posts/5248286231851292
Post Your Comments