കണ്ണൂർ: ജില്ലയിൽ ആശങ്കാജനകവും അപകടകരവുമായ രീതിയിൽ ലഹരി, മയക്കുമരുന്ന് മാഫിയകൾ വളർന്നു വരികയാണെന്ന് വ്യക്തമാക്കി പ്രമേയം അവതരിപ്പിച്ച് ബി.ജെ.പി സമ്പൂർണ്ണ ജില്ലാ നേതൃയോഗം. കണ്ണൂർ ജില്ല ഏറെക്കുറെ ലഹരി മയക്കുമരുന്ന് മാഫിയകളുടെ കൂത്തരങ്ങായി മാറികഴിഞ്ഞിരിക്കുകയാണ്. അപകടകരമായ തോതിൽ കഞ്ചാവും എം.ഡി.എം.എ അടക്കമുള്ള മാരക മയക്കുമരുന്നുകളും ഗ്രാമങ്ങളിൽ പോലും വ്യാപകമായി വിപണനം ചെയ്യപ്പെടുന്നുണ്ടെന്ന് നേതൃത്വം നിരീക്ഷിച്ചു.
‘സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ആസൂത്രിതവും, സംഘടിതവുമായി മാരക ലഹരിമരുന്നുകൾ യഥേഷ്ടം വിതരണം ചെയ്യപ്പെടുകയാണ്. നമ്മുടെ യുവതയെ മയക്കുമരുന്നിന്റെ കെണിയിൽ കുടുക്കി, അവരുടെ ബുദ്ധിയെയും കർമ്മശേഷിയെയും തകർക്കുകയെന്ന ഗൂഢവും, ബോധപൂർവ്വവുമായ ആസൂത്രണമാണ് ഇതിന് പിന്നിൽ. ഊർജ്ജവും, ചിന്താശേഷിയും, കർമ്മ കുശലതയും നഷ്ടപ്പെട്ട സമൂഹത്തിൽ വർഗ്ഗീയ വിഘടന ദേശ ദ്രോഹപ്രവർത്തനങ്ങൾ പതിവായി. സമൂഹത്തിൽ ഭീകര വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നത് വഴി, രാഷ്ട്രത്തെ ശിഥിലമാക്കാൻ കഴിയുമെന്ന ചിലരുടെ ദുഷ്ടലാക്ക് ഇതിൽ ഉണ്ടെന്ന് നാം തിരിച്ചറിയണം’ പ്രമേയം പറയുന്നു.
ഈ അടുത്ത കാലത്തായി ജില്ലയിൽ പൊലീസ് നടത്തിയ റെയ്ഡുകളിൽ, കോടിക്കണക്കിന് രൂപയുടെ എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിപദാർത്ഥങ്ങൾ പിടിക്കപ്പെട്ടിരുന്നു.
Post Your Comments